ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലാണെന്നും കടുത്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക ബുദ്ധിമുട്ടാണെന്നുമുള്ള വാര്‍ത്ത തന്റെ പ്രസ്താവന സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തി മാറ്റിയുള്ളതാണെന്നു നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്.
”മൂന്ന് പതിറ്റാണ്ടായി ഭരണവുമായി ബന്ധപ്പെട്ട ആരെങ്കിലും ആത്മപരിശോധന നടത്തുകയാണെങ്കില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കുള്ള വിഷമകരമായ തീരുമാനങ്ങളാണ് യഥാര്‍ഥ സമൂലമാറ്റത്തിനു തടസമായതെന്നു കാണാം. നമ്മുടെ ദൈനംദിന ജീവിതത്തെ ജനാധിപത്യവത്കരിക്കുന്ന സംരംഭങ്ങള്‍ക്കുള്ള പിന്തുണ ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ആശങ്കാജനകമാണ്, ” ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ അമിതാഭ് കാന്ത് പറഞ്ഞു.
ഒരു വെര്‍ച്വല്‍ പരിപാടിയില്‍ നടത്തിയ അമിതാഭ് കാന്തിന്റെ പ്രസംഗമാണ് വിവാദമായത്. ഇതു പ്രതിപാദിക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനു മറുപടിയായാണു അമിതാഭ് കാന്തിന്റെ ലേഖനം.
തന്റെ പ്രസംഗം സന്ദര്‍ഭത്തില്‍നിന്ന് അടർത്തിയെടുത്ത് നിലവിലെ കാര്‍ഷിക പരിഷ്‌കാരങ്ങളിലേക്ക് മാറ്റുന്നതായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലെന്ന് അമിതാഭ് കാന്ത് ലേഖനത്തില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഉള്‍പ്പെടുന്നവരാണെന്നതില്‍ താന്‍ ഉള്‍പ്പെടെയുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
ചൈനയുടെ മാതൃകയെ പ്രതിഫലിപ്പിക്കാന്‍ കഴിയാത്തയത്ര ജനാധിപത്യമുള്ളതാണ് ഇന്ത്യയെന്നതാണ് എന്റെ പ്രസ്താവനയുടെ പ്രസക്ത ഭാഗം. നമുക്ക് ‘വളരെയധികം ജനാധിപത്യം’ ഉണ്ടെന്ന് അര്‍ത്ഥമാക്കിയത് വളച്ചൊടിക്കുന്നത് സങ്കുചിതവും വിവേകശൂന്യവുമാണ്.
ചെക്കുകളും ബാലന്‍സുകളും, ദ്വിസഭകളുള്ള ഘടന, ഓരോ പൗരന്റെയും അഭിപ്രായം എന്നിവ ഉറപ്പാക്കുന്ന അഭിമാനകരമായ ജനാധിപത്യമാണ് നമ്മുടേത്. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് നമ്മുടെ പ്രക്രിയകളില്‍ സമവായം രൂപപ്പെടുത്തേണ്ടതുണ്ട്. പരിഷ്‌കാരങ്ങള്‍ക്ക് ഓരോ പങ്കാളിയുടെയും അനുമതി വാങ്ങല്‍ ആവശ്യമാണെന്നതിനാല്‍ ചൈന മോഡലിനെക്കാള്‍ കൂടുതല്‍ സമയമെടുക്കും. ഇത് വസ്തുതാപരമാണെങ്കിലും പക്ഷപാതപരമോ ജനാധിപത്യവിരുദ്ധമോ പരസ്യമായ വിമര്‍ശനമോ അല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാ മേഖലകളിലും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള ഉദ്ദേശ്യവും പ്രേരണയും പ്രകടിപ്പിച്ചുവെന്നത് വസ്തുതയാണ്. വസ്തുത പ്രസ്താവിക്കുന്നത് ഒരാളെ പക്ഷപാതിയാക്കുന്നില്ല. അങ്ങനെ ചെയ്യുന്ന ഒരാളെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കരുത്.
”ആത്മ നിര്‍ഭറിലേക്കുള്ള മൊത്തത്തിലുള്ള മുന്നേറ്റത്തിലും പിഎല്‍ഐ പോലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കും വളരെ കഠിനവും അടിസ്ഥാന തലത്തിലുള്ളതുമായ സമീപനം ആവശ്യമാണ്. ഇത് ഇന്ത്യയില്‍ ആദ്യമായി ശ്രമിക്കുന്നു എന്ന നിരീക്ഷണത്തിലേക്കാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യ വലിയ വളര്‍ച്ചയുടെ പാതയിലാണ്. ഈ നേട്ടങ്ങളില്‍ നാം അഭിമാനിക്കണം. അക്കൂട്ടത്തില്‍ ഒരാളാണ് ഞാന്‍,” ലേഖനത്തില്‍ അമിതാഭ് കാന്ത് പറഞ്ഞു.
- അമിതാഭ് കാന്തിന്റെ ലേഖനത്തിന്റെ പൂർണ രൂപം ഇവിടെ വായിക്കാം: Democracy is the lifeblood of India: A rebuttal by Amitabh Kant