ന്യൂഡൽഹി: ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ജനാധിപത്യ സൂചികയിൽ പത്ത് പോയിന്റ് ഇടിഞ്ഞ് ഇന്ത്യ 51ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യത്തെ പൗരസ്വാതന്ത്ര്യം നഷ്ടപ്പെട്ടതാണ് സൂചികയിൽ ഇന്ത്യ പിന്തള്ളപ്പെടാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജനാധിപത്യ സൂചികയില്‍ 2017 ല്‍ 42 ഉം 2018 ല്‍ 41 ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇത്തവണ പത്ത് സ്ഥാനം പിറകിലോട്ടാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, പൗര സ്വാതന്ത്ര്യം, സര്‍ക്കാറിന്റെ പ്രവര്‍ത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ജനാധിപത്യ സൂചിക തയാറാക്കുന്നത്.

ലോകത്തെ 165 സ്വതന്ത്ര രാജ്യങ്ങളിലെയും മറ്റ് രണ്ട് ഭൂപ്രദേശങ്ങളിലെയും ജനാധിപത്യത്തിന്‍റെ അവസ്ഥയാണ് ജനാധിപത്യ സൂചിക പ്രതിഫലിപ്പിക്കുന്നത്. പൂജ്യം മുതൽ 10 വരെയുള്ള സ്കോറുകളാണ് രാജ്യങ്ങള്‍ക്ക് നല്‍കുക. ഇതിന്‍റെ അടിസ്ഥാനത്തിൽ റാങ്ക് നിശ്ചയിക്കും. 2018ൽ 7.23 ആയിരുന്നു ഇന്ത്യയുടെ സ്കോറെങ്കിൽ ഈ വര്‍ഷം അത് 6.90 ആയി താഴ്ന്നിട്ടുണ്ട്.

വിവാദമായ പൗരത്വം ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ‌ആർ‌സി) എതിരെ ഇന്ത്യ രാജ്യവ്യാപകമായി പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. ജനാധിപത്യത്തെ സംബന്ധിച്ച് ഏറ്റവും മോശപ്പെട്ട വര്‍ഷമാണ് 2109 എന്ന് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി.

കശ്മീരിലെ രാഷ്ട്രീയ നടപടികളും അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്തെ ജനാധിപത്യത്തിന് തിരിച്ചടിയാണെന്ന് ജനാധിപത്യ സൂചിക വിലയിരുത്തി. ഭരണഘടനയിലെ രണ്ട് സുപ്രധാന അനുച്ഛേദങ്ങള്‍ നീക്കി ഇന്ത്യൻ സര്‍ക്കാര്‍ കശ്മീരിന്‍റെ സ്വതന്ത്രാധികാരം എടുത്തു നീക്കിയതായി ജനാധിപത്യ സൂചിക വ്യക്തമാക്കുന്നു. ജമ്മു കശ്മീര്‍ പുനഃസംഘടനാ ബിൽ പാസാക്കിയതോടെ കശ്മീര്‍ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കപ്പെട്ടതായും റിപ്പോര്‍ട്ടിൽ പറയുന്നു. ജമ്മു കശ്മീരിൽ വൻ സേനാവിന്യാസം നടത്തിയ സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കളെ തടവിൽ വച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.

അസമിലെ പൗരത്വ രജിസ്ട്രേഷൻ നടപടിയിലൂടെ 19 ലക്ഷത്തിലധികം ജനങ്ങള്‍ പൗരത്വ പട്ടികയ്ക്കു പുറത്തുപോയതായും ഇവരിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഇവര്‍ ബംഗ്ലാദേശിൽ നിന്നുള്ള അഭയാര്‍ഥികളാണെന്ന കാര്യം ബംഗ്ലാദേശ് സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ടെന്നും പൗരത്വ രജിസ്റ്റര്‍ നടപടി മുസ്ലീം വിഭാഗത്തെ ഉന്നം വച്ചുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2018നെ അപേക്ഷിച്ച് 38 റാങ്ക് മുന്നോട്ടു കയറിയ തായ്‍‍ലൻഡാണ് ഏഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. 6.32ൽ നിന്ന് തായ്ലൻഡിൻ്റെ സ്കോര്‍ 1.69 ഉയര്‍ന്നു. എന്നാൽ സിംഗപ്പൂരിൽ നടപ്പാക്കിയ വ്യാജവാര്‍ത്താ നിയമം രാജ്യത്തെ പൗരസ്വാതന്ത്ര്യം കുറച്ചതായും ജനാധിപത്യ സൂചിക വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസും പോര്‍ച്ചുഗലും ലാറ്റിനമേരിക്കൻ രാജ്യം ചിലിയും ജനാധിപത്യ സൂചികയിലെ സ്ഥാനം മെച്ചപ്പെടുത്തി. എന്നാൽ മാള്‍ട്ടയിലെ ജനാധിപത്യം കുറഞ്ഞതായും പട്ടിക വിലയിരുത്തി.

അതേസമയം, മൊത്തം പട്ടികയിൽ പാകിസ്താൻ 4.25 എന്ന സ്‌കോറിൽ 108-ാം സ്ഥാനത്തും ശ്രീലങ്ക 6.27 സ്‌കോറോടെ 69-ാം സ്ഥാനത്തും ബംഗ്ലാദേശ് (5.88 സ്‌കോറുമായി 80-ാം സ്ഥാനത്തും). ചൈനയുടെ സ്കോർ 2019 സൂചികയിൽ 2.26 ആയി കുറഞ്ഞു. ചൈന ഇപ്പോൾ 153-ാം സ്ഥാനത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook