ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ അറസ്റ്റ് ചെയ്ത രാഷ്ട്രീയ നേതാക്കളുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ഡിഎംകെ ജന്ദര്‍ മന്ദറില്‍ പ്രതിഷേധം നടത്തുന്നു.വ്യാഴാഴ്ചയായിരിക്കും പ്രതിഷേധ പ്രകടനം അരങ്ങേറുക. രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് പറഞ്ഞു.
രാഷ്ട്രീയ നേതാക്കളുടെ കുടുംബാംങ്ങളേയും കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ലെന്നും സമാനായ ചിന്താഗതിയുള്ളവരെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും സ്റ്റാലിന് ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദ് മുഫ്തിയെ വീട്ടുതടങ്കലിലാക്കിയതിനെ കുറിച്ചായിരുന്നു സ്റ്റാലിന്റെ പരാമര്‍ശനം. തന്നെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുതടങ്കിലാക്കിയതെന്ന് ഇല്‍തിജ കഴിഞ്ഞ ദിവസം അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.
”നിരോധനത്തിലൂടേയും സൈന്യത്തെ വിന്യസിച്ചും കര്‍ഫ്യു നടപ്പിലാക്കിയും കേന്ദ്ര സര്‍ക്കാര്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തുകയാണ്. ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗങ്ങളൊക്കെ റദ്ദാക്കിയതിലൂടെ അനാവശ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്” ഡിഎംകെ പ്രസ്താവനയില്‍ പറയുന്നു.
Read More: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; നിഷ്പക്ഷ അന്വേഷണം നടത്താമെങ്കില്‍ തെളിവുകള്‍ തരാമെന്ന് ഷെഹ്ല
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര നടപടിയെ ജനാധിപത്യത്തിന്റെ കൊലപാതകമെന്നായിരുന്നു സ്റ്റാലിന് നേരത്തെ വിശേഷിപ്പിച്ചത്. കശ്മീരിലെ ജനങ്ങളുടെ അഭിപ്രായം ചോദിക്കാതെ നടപ്പിലാക്കിയത് ശരിയായില്ലെന്നും നീക്കത്തെ എഐഎഡിഎംകെ പിന്തുണയ്ക്കുന്നത് അപലപനീയമാണെന്നും സ്റ്റാലിന് പറഞ്ഞിരുന്നു.
ഓഗസ്റ്റ് എട്ടിന് കരുണാനിധിയുടെ ചരമദിനാചരണത്തിലും സ്റ്റാലിന് കേന്ദ്ര നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളെ ആരും രാജ്യസ്നേഹത്തെ കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും ചൈനയും പാക്കിസ്ഥാനും ഭീഷണി മുഴക്കിയപ്പോഴൊക്കെ ഇന്ത്യയ്ക്കൊപ്പം നിന്നിട്ടുണ്ടെന്നും പറഞ്ഞ സ്റ്റാലിന് എന്നാല്‍ ഇന്ന് രാജ്യസ്നേഹത്തിന്റെ പേരില്‍ ബിജെപി വര്‍ഗ്ഗീയത വളര്‍ത്തുകയാണെന്നും ഇതാണ് ദേശീയതയെങ്കില്‍ എന്ത് വില കൊടുത്തും ഡിഎംകെ എതിര്‍ക്കുമെന്നും പറഞ്ഞിരുന്നു.