ദുബായ്: ഉപഭോക്‌താവിനെ ലെെംഗികമായി ചൂഷണം ചെയ്‌തെന്ന കേസിൽ ഡെലിവറി ബോയ്‌ക്കെതിരെ വിചാരണ നടപടികൾ ആരംഭിച്ചു. ദുബായിൽ ഡിസംബറിൽ നടന്ന സംഭവത്തിൽ പാക്കിസ്ഥാൻ സ്വദേശിക്കെതിരെയാണു കേസെടുത്തത്.
മുപ്പത്തിയഞ്ചുകാരനായ ഡെലിവറി ബോയ്‌ക്കെതിരെ ബ്രിട്ടീഷ് സ്വദേശിനിയാണു പരാതി നൽകിയത്. ബ്രിട്ടീഷ് ദമ്പതികൾ താമസിക്കുന്ന വീട്ടിൽ ഓൺലെെനായി ഓർഡർ ചെയ്‌ത സെെക്കിൾ ഡെലിവറി ചെയ്യുകയായിരുന്നു ഇയാൾ. സെെക്കിൾ വാങ്ങാനെത്തിയ തന്നെ യുവാവ് ബലമായി ചുംബിച്ചുവെന്നാണു ബ്രിട്ടീഷ് സ്വദേശിനിയുടെ പരാതി. എന്നാൽ, തനിക്കെതിരായ ആരോപണങ്ങളെ വിചാരണ വേളയിൽ ഇയാൾ നിഷേധിച്ചു.
Read Also: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ സമ്മാനിക്കാനായാണ് താന്‍ ഓണ്‍ലൈനില്‍ സൈക്കിള്‍ ഓര്‍ഡര്‍ ചെയ്തതെന്ന് സ്ത്രീ പറയുന്നു. രാത്രി എട്ടോടെ ഡെലിവറി ജീവനക്കാരന്‍ വീട്ടിലെത്തി. സെെക്കിൾ ഡെലിവറി ചെയ്യുന്നതിനിടെ അയാൾ ആദ്യം തന്റെ കെെകളിലും അതിനുശേഷം അരക്കെട്ടിൽ ബലമായി പിടിച്ച് ചുണ്ടിൽ ചുംബിക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു.
“അയാൾ കാറിൽനിന്ന് സെെക്കിൾ പുറത്തിറക്കി. വാതിലിനടുത്ത് സെെക്കിൾ കൊണ്ടുവച്ച ശേഷം അയാൾ വാതിലിൽ തട്ടിക്കൊണ്ടിരുന്നു. ഞാൻ വാതിൽ തുറന്ന് പുറത്തുപോയി സെെക്കിൾ എടുത്തു. അപ്പോൾ, സെെക്കിളിന് എന്തെങ്കിലും അറ്റകുറ്റപ്പണികൾ വേണമെങ്കിൽ തന്നെ ഫോൺ വിളിച്ചാൽ മതിയെന്ന് അയാൾ പറഞ്ഞു. അപ്പോഴാണ് അയാൾ തന്നെ ബലമായി പിടിച്ച് ചുംബിച്ചത്,” പരാതിക്കാരി പറയുന്നു. അയാളുടെ പ്രവർത്തി കണ്ട് താൻ അമ്പരന്നു പോയെന്നും തുടർന്ന് അകത്തുകയറി വാതിലടച്ചെന്നും സ്ത്രീ പറയുന്നു.
Read Also: ‘എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ’; പൃഥ്വിയോട് ചേർന്ന് നിന്ന് മല്ലിക
ഇതിനുശേഷം അയാൾ തിരിച്ചുപോയി. പിന്നീട് വാട്‌സാപ്പിൽ സന്ദേശമയക്കുകയായിരുന്നു. കുറേ തവണ മാപ്പ് പറഞ്ഞു. ചുംബിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്നെ സുഹൃത്തായി കാണണമെന്നും അയാൾ സന്ദേശമയച്ചു. പിന്നീട് ആ മെസേജ് ഡെലീറ്റ് ചെയ്‌ത് വീണ്ടും വേറെ മെസേജ് അയച്ചു. അതും മാപ്പ് ചോദിച്ചുകൊണ്ട് തന്നെയായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ താൻ എടുത്തുവച്ചിരുന്നെന്ന് സ്ത്രീ പറഞ്ഞു. ഫോൺ സ്ക്രീൻ ഷോട്ടുകൾ സ്ത്രീ കോടതിയിൽ ഹാജരാക്കിയിരുന്നു.
സെെക്കിളിന് എന്തെങ്കിലും അറ്റകുറ്റപ്പണികൾ വന്നാൽ തന്നെ വിളിക്കുന്നതും കാത്തിരിക്കുകയാണെന്ന് അയാൾ വാട്‌സാപ്പിൽ മെസേജ് അയച്ചിരുന്നു. പിന്നീട് അത് ഡെലീറ്റ് ചെയ്യുകയായിരുന്നെന്നും സ്ത്രീ പറഞ്ഞു.
താൻ സ്ത്രീയെ അനുമതിയില്ലാതെ ചുംബിച്ചെന്നും അവരോട് ഇഷ്ടം തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്‌തതെന്നും കുറ്റാരോപിതൻ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥനും വെളിപ്പെടുത്തുന്നു. കേസിൽ വിചാരണ നടപടികൾക്ക് ശേഷം ഫെബ്രുവരി 26 ന് ശിക്ഷ വിധിക്കും.