ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്ലിഗ്-ഇ-ജമാത്തിലെ മര്‍ക്കസിന്റെ മതസമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളുടെ വിസ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തും. ഈ സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. അഞ്ചു പേര്‍ മരിക്കുകയും ചെയ്തിരുന്നു.

മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങി 16 രാജ്യങ്ങളില്‍ നിന്ന് മുന്നൂറോളം വിദേശികള്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തി ഈ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ രാജ്യത്തെ കൊറോണവൈറസ് ബാധയുടെ ഒരു പ്രധാന കേന്ദ്രം നിസ്സാമുദ്ദീനിലെ മര്‍ക്കസാണ്.

മാര്‍ച്ച് പകുതിയോടെ നടന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 8,000-ത്തോളം ആളുകള്‍ക്കൊപ്പം ഈ വിദേശികളും പങ്കെടുത്തിരുന്നു.

Read Also: കോവിഡ് ചികിത്സയിലെ അപൂർവ അധ്യായമാണിത്; കോട്ടയത്ത് വൃദ്ധദമ്പതികളെ ചികിത്സിച്ച ഡോക്ടർ

വിസാച്ചട്ടലംഘനത്തിനാണ് വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സന്ദര്‍ശക വിസയില്‍ വരുന്നയാള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് ചട്ടം.

ഒരു വിദേശിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍പ്പെടുത്തിയാല്‍ ഭാവിയില്‍ ഇന്ത്യയില്‍ വീണ്ടും വരാന്‍ സാധിക്കുകയില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പൊലീസ് നിസ്സാമുദ്ദീനിലെ മര്‍ക്കസില്‍ 281 വിദേശികളെ കണ്ടെത്തിയിരുന്നു.

നേപ്പാളില്‍ നിന്നും 19, മലേഷ്യയില്‍ നിന്നും 20, അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരാള്‍, മ്യാന്‍മാറില്‍ നിന്നും 33, അല്‍ജീരിയയില്‍ നിന്നും ഒന്ന്, ജിബൂട്ടിയില്‍ നിന്നും ഒന്ന്, കിര്‍ഗിസ്ഥാനില്‍ നിന്നും 28, ഇന്തോനേഷ്യയില്‍ നിന്നും 72, തായ്‌ലാന്‍ഡില്‍ നിന്നും ഏഴ്, ശ്രീലങ്കയില്‍ നിന്നും 34, ബംഗ്ലാദേശില്‍ നിന്നും 19, ഇംഗ്ലണ്ടില്‍ നിന്നും മൂന്ന്, സിങ്കപ്പൂരില്‍ നിന്നും ഒന്ന്, ഫിജിയില്‍ നിന്നും നാല്, ഫ്രാന്‍സില്‍ നിന്നും ഒന്ന്, കുവൈറ്റില്‍ നിന്നും ഒരാളുമാണ് ഈ പട്ടികയിലുള്ളത്. ഇവരിലധികവും സന്ദര്‍ശക വിസയിലാണ് എത്തിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read Also: Explained: യുപിയില്‍ കുടിയേറ്റ തൊഴിലാളികളുടെ ശരീരത്തില്‍ തളിച്ച രാസവസ്തു ഹാനികരമാകുന്നതെങ്ങനെ?

നിസ്സാമുദ്ദീനിൽ ക്വാറന്റൈൻ പ്രോട്ടോക്കോൾ ലംഘിച്ചാണ് സമ്മേളനം നടത്തിയതെന്ന റിപ്പോർട്ടുകളെ തളളി മര്‍ക്കസ്‌ അധികൃതർ. മാർച്ച് 31 വരെ എല്ലാ ട്രെയിൻ സർവീസുകളും സർക്കാർ നിർത്തിവച്ചതോടെ സമ്മേളനത്തിൽ പങ്കെടുത്ത വലിയൊരു സംഘം മർക്കസിൽ കുടുങ്ങുകയായിരുന്നുവെന്ന് അവർ വിശദീകരിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോട് ഇവർക്ക് വീടുകളിലേക്ക് വാഹനം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ലെന്നും മര്‍ക്കസ്‌ അധികൃതർ വ്യക്തമാക്കി.

24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ നിസ്സാമുദ്ദീന്‍ പൂർണമായും ലോക്ക്ഡൗണിലാണ്. ആന്ധ്രപ്രദേശ്, തമിഴ്നാട്, ആൻഡമാൻ, കശ്മീർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരും തെലങ്കാനയിൽ മരിച്ച 5 പേരും നിസ്സാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ആയിരത്തോളം പേർ നിസ്സാമുദ്ദീന്‍ ദർഗയ്ക്കു സമീപത്തെ മർക്കസിൽ കഴിയുകയായിരുന്നു.

Read Also: Explained: കൊറോണ വൈറസിന് വസ്ത്രങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമോ?

അതേസമയം, മര്‍ക്കസ്‌ അധികൃതരുടെ കടുത്ത അശ്രദ്ധയാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് ഡൽഹി സർക്കാർ ആരോപിച്ചു. മര്‍ക്കസ്‌ അധികൃതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു.

Nizamuddin Markaz, ie malayalam

”ജനത കർഫ്യൂവിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി മാർച്ച് 23 ന് രാവിലെ 6 മുതൽ 31 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് തിരികെ പോകാൻ വാഹനം ലഭിക്കാതെയായി. എന്നാൽ മര്‍ക്കസ്‌ അധികൃതരുടെ സഹായത്തോടെ കിട്ടാവുന്ന വാഹനങ്ങളിലായി 1500 ഓളം പേർ അവിടെനിന്നും മടങ്ങി. മർക്കസിൽ കുടുങ്ങിയവരെ തിരികെ അയയ്ക്കാനായി 17 വാഹനങ്ങൾ ഏർപ്പാടാക്കുകയും അവയുടെ രജിസ്ട്രേഷൻ നമ്പരും ഡ്രൈവർമാരുടെ വിവരങ്ങളും അധികൃതർക്ക് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല” മര്‍ക്കസ്‌ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

നിസ്സാമുദ്ദീന്‍ ദർഗയ്ക്കു സമീപത്തെ മര്‍ക്കസില്‍ ഈ മാസം 18നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തിൽ പ‌ങ്കെടുത്ത നിരവധി പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പ്രദേശത്തു ലോക്ക്ഡൗൺ കർശനമാക്കിയത്. നിരവധി പേർ താമ‌സിക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം കണ്ടത് രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Read in English: Never violated law, says Delhi’s Nizamuddin Markaz; cases rise to 24

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook