ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ വിമാന സർവ്വീസുകൾ തടസ്സപ്പെടും. നവംബർ 16 മുതൽ നവംബർ 23 വരെയുള്ള കാലയളവിലാണ് വിമാന സർവ്വീസുകൾ മുടങ്ങുന്നത്. റൺവേ 27/09ൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് വിമാന സർവ്വീസുകൾ മുടങ്ങുന്നതെന്ന് വിമാനത്താവള അധികൃതർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. എന്നാൽ 10/28, 11/29 എന്നീ രണ്ട് റൺവേകളും പ്രവർത്തിക്കുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിമാന ഗതാഗതം നിയന്ത്രിക്കും. 50 വിമാനങ്ങളെ വിമാനത്താവളത്തിൽ നിന്നു പുറപ്പെടുകയുള്ളൂ, അതു പോലെ 50 വിമാനങ്ങളെ ലാൻഡ് ചെയ്യൂ. വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി മുൻകൂറായി അറ്റകുറ്റപണികൾ നടത്തുന്നതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

എയർ ഇന്ത്യ അധികൃതരുടെ കണക്കുകൾ പ്രകാരം 200 ആഭ്യന്തര വിമാന സർവ്വീസുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് കരുതുന്നത്. റൺവേയിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ വിമാന സർവ്വീസുകൾ പുനഃക്രമീകരിക്കുമെന്ന് വിസ്‌താര എയർലൈൻസ് വക്താവ് പറഞ്ഞു.

ജിഎംആർ ഗ്രൂപ്പ്, സർക്കാർ സ്ഥാപനമായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ജർമ്മനിയുടെ ഫ്രാപോർട്ട് എന്നിവരാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പിന് പിന്നിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook