ന്യൂഡൽഹി: ഫ്ലിപ്‌കാർട്ടിൽ ഓർഡർ ചെയ്ത മൊബൈൽ ഫോൺ ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഉപഭോക്താവ് വിതരണക്കാരനെ കുത്തി. കമൽദീപ് എന്ന 30കാരിയാണ് ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ബോയിയെ കുത്തിയത്. സാരമായി പരുക്കേറ്റ 28കാരനായ കേശവ് ഇപ്പോൾ ചികിത്സയിലാണ്.

നിഹാൽ വിഹാർ പ്രദേശത്ത് യുവതിയുടെ താമസസ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ഫ്ലിപ്കാർട്ട് വഴി കമൽദീപ് വാങ്ങിയ മൊബൈൽ ഫോൺ ലഭിക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ദി ഹിന്ദു റിപ്പോർട്ട് പ്രകാരം കമൽദീപും സഹോദരൻ ജിതേന്ദർ സിങ്ങും (32) പൊലീസ് പിടിയിലാണ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്.

ചന്ദൻ വിഹാർ എന്ന സ്ഥലത്ത് ഡ്രെയിനേജിനടുത്ത് യുവാവ് കുത്തേറ്റ് ചോരവാർന്ന് കിടക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കേശവിന്റെ മൊഴി പൊലീസ് മാർച്ച് 24 ന് രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാർച്ച് 21 നാണ് ആക്രമണം നടന്നത്.

11000 രൂപ വില വരുന്ന ഫോൺ ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് നിരവധി തവണ യുവതി ഇയാളെ ഫോണിൽ വിളിച്ചതായി കേശവ് മൊഴി നൽകി. വീട്ടുവിലാസം കണ്ടെത്താൻ വൈകിയതാണ് ഡെലിവറി വൈകാൻ കാരണമെന്നാണ് യുവാവിന്റെ മൊഴി. കമൽദീപിന്റെ വീട്ടിലെത്തിയപ്പോൾ ഇവർ ഇക്കാര്യം ഉന്നയിച്ച് ദേഷ്യപ്പെടുകയും അടുക്കളയിൽ നിന്ന് കത്തി കൊണ്ടുവന്ന് ആക്രമിക്കുകയുമായിരുന്നു.

ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജിതേന്ദർ സിങ് സഹോദരിയെ സഹായിക്കാനാണ് ശ്രമിച്ചത്. കേശവിന്റെ ശരീരത്തിൽ 20ലേറെ കുത്തുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഷൂ ലേസ് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. ഇയാളിൽ നിന്ന് 40000 രൂപ തട്ടിയെടുത്ത ശേഷമാണ് പ്രതികൾ ചന്ദൻ വിഹാറിൽ ഡ്രെയിനേജിന് സമീപത്ത് ഇയാളെ ഉപേക്ഷിച്ചത്.

40000 രൂപയും രക്തം പുരണ്ട ടവലും കത്തിയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഷൂ ലേസുകളും കണ്ടെത്തിയിട്ടുണ്ട്. കേശവ് വീട്ടിലേക്ക് പ്രവേശിക്കുന്നതും, പിന്നീട് പ്രതികൾ ഇയാളെ താങ്ങിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റിനുളള വഴി തെളിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ