ന്യൂഡല്‍ഹി: ദ്വാരക മോര്‍ മെട്രോ സ്‌റ്റേഷനിലെ ട്രാക്കിലേക്ക് 2000 രൂപയുടെ നോട്ട് എടുക്കാന്‍ ചാടിയ സ്ത്രീയ്ക്ക് ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ 10.30യോടെയാണ് സംഭവം നടന്നത്.
ട്രാക്കിലേക്ക് രണ്ടായിരം രൂപയുടെ നോട്ടെടുക്കാന്‍ സ്ത്രീ ചാടുകയും അവരെ കടന്ന് ട്രെയിനിന്റെ ചില കോച്ചുകള്‍ പോകുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കൊന്നും പറ്റിയില്ലെങ്കിലും സ്ത്രീ ട്രാക്കില്‍ കുടുങ്ങിക്കിടന്നു.
ഝരോദ കലാന്‍ സ്വദേശിയായ സ്ത്രീയെ രക്ഷപ്പെടുത്തിയതിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെട്രോ സര്‍വ്വീസില്‍ തടസം വരുത്തിയതിന് ഇവരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്‌തെങ്കിലും മാപ്പെഴുതി നല്‍കിയതിന് ശേഷം വെറുതെ വിട്ടു.
ദ്വാരക സെക്ടര്‍ 21 മുതല്‍ നോയ്ഡ ഇലക്ട്രോണിക് സിറ്റി വരെയുള്ള ബ്ലൂ ലൈന്‍ സര്‍വ്വീസാണ് തടസപ്പെട്ടത്. എങ്കിലും പെട്ടെന്നു തന്നെ സര്‍വ്വീസ് പൂര്‍വ്വ സ്ഥിതിയിലായി.
കഴിഞ്ഞമാസം ഷാലിമാര്‍ ഗാര്‍ഡന്‍ സ്വദേശിയായ സക്കറിയ കോശി എന്നയാളും ട്രാക്കിലേക്ക് ചാടിയതിനെ തുടര്‍ന്ന് സേവനം തടസപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അറിയാതെ ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു.