ന്യൂഡൽഹി: ഡൽഹി അതികഠിനമായ തണുപ്പിന്റെ പിടിയിൽ. ഇന്ന് നില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപ നില 4.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 118 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത തണുപ്പാണിത്.

ശരാശരി താപനില താഴ്ന്നതാണ് പകല്‍സമയത്തെ തണുപ്പ് കൂടാന്‍ കാരണമായത്. 19.84 ഡിഗ്രി സെല്‍ഷ്യസാണ് ഈ വര്‍ഷം രേഖപ്പെടുത്തിയ ശരാശരി താപനില. 1919 ഡിസംബറില്‍ ഇത് 19.8 ഡിഗ്രിയും, 1997-ല്‍ 17.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. ലഡാക്(-20 ഡിഗ്രി) ശ്രീനഗര്‍(-5.6), പഹല്‍ഗാം(12), രാജസ്ഥാനിലെ ഫത്തേപൂര്‍(-12) എന്നിവിടങ്ങളിലെ താപനില മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള പല ട്രെയിനുകളും വൈകിയാണോടുന്നത്. വിമാനസർവീസുകളും താറുമാറായി. തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി. പാലം, സഫ്ദർജങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം.

ജനുവരി ആദ്യവാരം ഡൽഹിയിൽ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഡൽഹി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്. ശരാശരി ഒൻപതിനായിരത്തോളം പേരാണ് ദിവസവും ഈ ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നതെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook