ന്യൂഡല്‍ഹി: അക്രമങ്ങളില്‍ ഡല്‍ഹി നീറുമ്പോള്‍ വാക്‌പോരുമായി രാഷ്ട്രീയ നേതാക്കള്‍. കഴിഞ്ഞദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച കോൺഗ്രസ് നേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കി രാജധര്‍മം സംരക്ഷിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് മറുപടിയുമായി ഇന്ന് ബിജെപി രംഗത്തെത്തി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സര്‍ക്കാരിനെ പഠിപ്പിക്കേണ്ടെന്നും അവരുടെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നവയാണെന്നും കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രതിപക്ഷ പ്രേരണയുടെ ഫലമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെന്ന് മന്ത്രി ആരോപിച്ചു.
Read Also: വിദ്യാഭ്യാസരംഗത്ത് മുസ്ലിങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണവുമായി മഹാരാഷ്ട്ര
” സോണിയ ഗാന്ധി ദയവായി ഞങ്ങളെ രാജധര്‍മം ഉപദേശിക്കേണ്ട. കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്താല്‍ നല്ലത്. എന്നാല്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ അവര്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്നു, ” രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അമിത് ഷായെ രവിശങ്കര്‍ പ്രസാദ് ന്യായീകരിച്ചു. അക്രമം നിയന്ത്രിക്കാന്‍ ആദ്യ ദിനം മുതല്‍ തന്നെ ആഭ്യന്തര മന്ത്രി സജീവമായി ഇടപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ രാഷ്ട്രപതിയെ നേരിൽക്കണ്ട് മെമ്മോറാണ്ടം നൽകിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള സംഘം രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അമിത് ഷായെ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അക്രമ സംഭവങ്ങൾ തടയുന്നതിനോ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനോ വേണ്ട നടപടി സ്വീകരിക്കുന്നതിനു പകരം കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും വെറുതെ നോക്കിയിരുന്നു. സംഘടിത ആക്രമണവും കൊളളയും കൊലയും നിരുപാധികം തുടർന്നുവെന്ന് മെമ്മോറാണ്ടത്തിൽ ആരോപിച്ചിരുന്നു.
‘രാജധർമം’ സംരക്ഷിക്കാൻ രാഷ്ട്രപതി തന്റെ അധികാരം വിനിയോഗിക്കണമെന്ന് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് ആവശ്യപ്പെട്ടു. രാഷ്ട്രപതിയുമായുളള കൂടിക്കാഴ്ചയിൽ തങ്ങൾ സംതൃപ്തരാണെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞതായും സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.