ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. അക്രമം തുടങ്ങി 69 മണിക്കൂറിനുശേഷമാണ് മോദി ഉണര്‍ന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു സിബല്‍.

69 മണിക്കൂറുകള്‍ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണര്‍ന്ന് സമാധാനത്തിനും ശാന്തിക്കും വേണ്ടി ആഹ്വാനം ചെയ്തെന്ന് സിബല്‍ പറഞ്ഞു. അദ്ദേഹം നേരത്തെയത് ചെയ്യേണ്ടിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അത്തരമൊരു ആഹ്വാനം നടത്തിയില്ല. അക്രമബാധിത പ്രദേശങ്ങൾ ആഭ്യന്തരമന്ത്രി സന്ദര്‍ശിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

Read Also: ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഞ്ചംഗ സംഘത്തെ നിയോഗിച്ചു. അതേസമയം, അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പൊലീസും സര്‍ക്കാരും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മാര്‍ച്ച് രണ്ടിനാണ് സിബിഎസ്ഇയുടെ പരീക്ഷകള്‍ ആരംഭിക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പരീക്ഷ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ മരണം ദാരുണമാണെന്ന്‌ പുതിയ പൊലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ എല്ലാ കേസുകള്‍ക്കും തുല്യ പരിഗണനയാണ് പൊലീസ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook