ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ട്
അര്‍ധരാത്രി ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ സര്‍ക്കാര്‍ അല്‍പ്പം ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍. ജസ്റ്റിസ് എസ് മുരളീധറിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേക്കു മാറ്റിയതിനെതിരെ വിവാദം ശക്തമായ പശ്ചാത്തലത്തിലാണു കെജി ബാലകൃഷ്ണന്റെ പ്രതികരണം.

ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ട് 26ന് അര്‍ധരാത്രിയിലാണു കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ജസ്റ്റിസ് മുരളീധര്‍ നിശിത വിമര്‍ശനമുയര്‍ത്തിയിരുന്നു. അന്നുതന്നെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. എന്നാല്‍ ഈ കേസുമായി സ്ഥലം മാറ്റത്തിനു ബന്ധമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. സ്ഥലം മാറ്റത്തിനുള്ള ശിപാര്‍ശ സുപ്രീം കോടതി കൊളീജിയം നേരത്തെ തന്നെ നല്‍കിയതാണെന്നും ജഡ്ജി ഇക്കാര്യത്തില്‍ സമ്മതം പ്രകടിപ്പിച്ചതാണെന്നും സര്‍ക്കാര്‍ പറയുന്നു.

വിദ്വേഷ പ്രസംഗങ്ങളില്‍ ഉത്തരവ് പുറപ്പെടുവിച്ച ദിവസം സ്ഥലം മാറ്റ വിജ്ഞാപനം പുറപ്പെടുവിച്ചത് യാദൃശ്ചികമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ പറഞ്ഞു. ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ ഒരാഴ്ച മുന്‍പ് സുപ്രീം കോടതി കൊളീജിയം തീരുമാനമെടുത്തതാണെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

”ഏതു തീയതിയിലാണു കൊളീജിയത്തിനു മുന്‍പാകെ സ്ഥലംമാറ്റ വിഷയം വന്നതെന്ന് എനിക്കറിയില്ല. എന്നാൽ സ്ഥലംമാറ്റത്തിന് ഡല്‍ഹി കേസിലെ നിരീക്ഷണങ്ങളുമായി ബന്ധവുമില്ല,” മുന്‍ സിജെഐ പറഞ്ഞു.

Read Also: കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസ്; ഡൽഹി സർക്കാരിനെ വിമർശിച്ച് ചിദംബരം

”രാജ്യത്തെ സ്ഥിതി വളരെ അസ്ഥിരവും മാധ്യമങ്ങളും മറ്റുള്ളവരും സജീവമായിരിക്കെ അര്‍ധരാത്രി സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ സര്‍ക്കാര്‍ വളരെ സൂക്ഷ്മത പുലര്‍ത്തണം. കാരണം ആളുകള്‍ മറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ക്കു വ്യത്യസ്തമായി വ്യാഖ്യാനിക്കാന്‍ കഴിയും, ”ജസ്റ്റിസ് ബാലകൃഷ്ണന്‍ പറഞ്ഞു.

ഡല്‍ഹി അക്രമക്കേസ് ജസ്റ്റിസ് മുരളീധര്‍ സ്വന്തമായി ഏറ്റെടുത്തതായിരുന്നില്ല. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍ അന്ന് അവധിയിലായിരുന്നു. മൂന്നാമത്തെ മുതിര്‍ന്ന ജഡ്ജിയായതിനാല്‍ ജസ്റ്റിസ് മുരളീധര്‍ കേസ് പരിഗണിച്ച പ്രത്യേക ബെഞ്ചിനു നേതൃത്വം നല്‍കുകയായിരുന്നു. ജസ്റ്റിസ് മുരളീധറിനോട് അടുത്ത ദിവസം തന്നെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചുമതലയേറ്റെടുക്കാൻ ആവശ്യപ്പെട്ടതായി താന്‍ കരുതുന്നില്ല. സാധാരണഗതിയില്‍ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍, പുതിയ സ്ഥലത്ത് ചുമതല ഏറ്റെടുക്കാന്‍ ഏഴു ദിവസത്തില്‍ കുറയാത്ത സമയം നല്‍കുമെന്നും ജസ്റ്റിസ് ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റത്തെ എന്‍ജിഒയായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് (സിജെഎആര്‍) അപലപിച്ചു. ”സത്യസന്ധനും ധീരനുമായ” ജുഡീഷ്യല്‍ ഉദ്യോഗസ്ഥനെ ശിക്ഷിക്കുന്നതിനാണ് ഈ നീക്കമെന്നു സിജെഎആര്‍ കുറ്റപ്പെടുത്തി. ഫെബ്രുവരി 12 നാണു ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച രീതി അവഗണിക്കാനാവില്ലെന്നും സിജെഎആര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook