ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ സംഘർഷങ്ങളെ വിമർശിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി. ഇന്ത്യൻ സർക്കാർ തീവ്രഹിന്ദുക്കളെ ചെറുക്കുകയും മുസ്‌ലിം കൂട്ടക്കൊല അവസാനിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പ് നടന്ന സംഘർഷത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടമായത്.

“ഇന്ത്യയിലെ മുസ്‌ലിം കൂട്ടക്കൊലയിൽ ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഹൃദയം ദുഃഖിക്കുകയാണ്. ഇസ്‌ലാമിക ലോകത്ത് ഇന്ത്യ ഒറ്റപ്പെടാതിരിക്കാൻ മുസ്‌ലിം കൂട്ടക്കൊല അവസാനിപ്പിക്കുകയും, തീവ്ര ഹിന്ദുക്കളെയും അവരുടെ സംഘടനകളെയും ഇന്ത്യൻ  നേരിടുകയും ചെയ്യണം,”ഖമനേയി ട്വിറ്ററിൽ കുറിച്ചു.

ഡൽഹിയിൽ നടന്ന വർഗീയ സംഘർഷങ്ങൾക്കെതിരെ നേരത്തെ ഇറാന്റെ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫിന്റെ ഈ പ്രസ്താവനകൾക്കെതിരെ ഇന്ത്യ ഇറാൻ അംബാസഡർ അലി ചെഗെനിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്റെ പരോമോന്നത നേതാവ് തന്നെ സമാന പരാമർശവുമായി രംഗത്തെത്തിയത്.

ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ സംഘടിത ആക്രമണത്തെ അപലപിച്ച ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് വിവേകശൂന്യമായ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും  ആവശ്യപ്പെട്ടിരുന്നു. “ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ സംഘടിത ആക്രമണത്തെ  ഇറാൻ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാൻ ഇന്ത്യയുടെ സുഹൃത്താണ്. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തണമെന്നും വിവേകശൂന്യമായ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഞങ്ങൾ ഇന്ത്യൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. സമാധാനപരമായ സംഭാഷണത്തിലും നിയമവാഴ്ചയിലുമാണ് മുന്നോട്ടുള്ള പാത,” ജവാദ് സരീഫ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook