ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല. ബിജെപി നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി സര്‍ക്കാര്‍ നാലാഴ്ച അനുവദിച്ചു. കേസ് ഏപ്രില്‍ 13ലേക്കു കോടതി മാറ്റി.
” ക്രമസമാധാന അന്തരീക്ഷം നിലനിര്‍ത്തുകയെന്നത് ഞങ്ങളുടെ ചുമതല”യാണെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണു ചീഫ് ജസ്റ്റിസ് ഡിഎന്‍ പാട്ടീലും ജസ്റ്റിസ് സി ഹരിശങ്കര്‍ ഉള്‍പ്പെട്ടെ ബഞ്ച് കേന്ദ്രത്തിനു നാലാഴ്ച അനുവദിച്ചത്.
”നഗരത്തിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഞങ്ങള്‍ (കേന്ദ്രവും ഡല്‍ഹി പൊലീസും) തീരുമാനമെടുത്തിട്ടില്ല. ഞങ്ങള്‍ തീരുമാനമെടുക്കുന്നത് (എഫ്ഐആര്‍ ചുമത്തുന്നത്) മാറ്റിവച്ചിരിക്കുകയാണ്. ഉചിതമായ ഘട്ടത്തില്‍ അതു ചെയ്യും,”സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍ ഉചിതമാവില്ലെന്നു തുഷാര്‍ മേത്ത പറഞ്ഞു. ” നടപടിയെടുക്കും. ഡല്‍ഹിയില്‍ സ്ഥിതി സാധാരണനിലയിലെത്തിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അദ്ദേഹം കോടതിയില്‍നിന്നു സമയം തേടി.
Read Also: ഒന്നര വയസുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ അറസ്റ്റിൽ
അതേസമയം, കലാപത്തിലേക്കു നയിച്ച വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ അടിയന്തരമായി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നു മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകരായ ഹര്‍ഷ് മന്ദര്‍, ഫറാ നഖ്വി എന്നിവര്ക്കുവേണ്ടിയാണു അദ്ദേഹം ഹാജരായത്.
വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധര്‍ പൊലീസിനു കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം നല്‍കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി നിര്‍ദേശം.
കേസ് പരാമര്‍ശ ഘട്ടത്തിലായതിനാല്‍ ചീഫ് ജസ്റ്റിസാണു പരിഗണിക്കേണ്ടതെന്നും ഇന്നത്തേക്കു മാറ്റണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് അവധിയിലാണെന്നും അടിയന്തര സ്വഭാവമുള്ളതിനാല്‍ ഹൈക്കോടതിയിലെ നടപടിക്രമങ്ങള്‍ പാലിച്ചു തന്റെ ബഞ്ച് കേസ് പരിഗണിക്കുകയാണെന്നു ജസ്റ്റിസ് മുരളീധര്‍ മറുപടി നല്കുകയായിനുന്നു. പരുക്കേറ്റവര്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
ഇതിനുപിന്നാലെ ജസ്റ്റിസ് മുരളീധറിനെ ഇന്നലെ അര്‍ധരാത്രി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് അടിയന്തര സ്ഥലംമാറ്റിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഹര്‍ജി പരിഗണിച്ചത്.