ന്യൂഡൽഹി: കാണാതായ ഇന്റലിജൻസ് ബ്യൂറോ(ഐ.ബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ(26)യെടു മൃതദേഹം ബുധനാഴ്ച ഉച്ച കഴിഞ്ഞ വടക്ക് കിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്തെ അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തതായി പൊലീസ്. ‘വൈകുന്നേരം ഒരു കൂട്ടം ആളുകൾ കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അതിനു ശേഷം ഇയാളെ കാണാതായി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

മരിച്ചയാൾ അങ്കിത് ശർമയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഐ.ബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഖജുരി ഖാസ് പ്രദേശത്താണ് താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ ഒരു സംഘം ഇദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്ന തെരുവിലേക്ക് ആക്രോശിച്ചെത്തിയെന്നും ശേഷം കല്ലെറിയാൻ തുടങ്ങിയെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. കുടുംബാംഗങ്ങൾ അങ്കിതിനെ വിളിച്ച് തങ്ങളെ രക്ഷപ്പെടുത്താൻ ആവശ്യപ്പെട്ടു. അങ്കിത് എത്തിയെങ്കിലും ഒരു സംഘം അദ്ദേഹത്തെ തടഞ്ഞു. അവർ അങ്കിതിനെ അടിക്കാൻ തുടങ്ങുകയും പിന്നീട് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയ അഴുക്കു ചാലിൽ കൂടുതൽ പരിശോധനകൾ നടത്താൻ അങ്കിതിന്റെ കുടുംബം പൊലീസിനോട് പറഞ്ഞു.

അങ്കിത് ശർമ കൊല്ലപ്പെട്ടത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് ഡൽഹി ഹൈക്കോടതി വിലയിരുത്തി. “ഇസഡ് സുരക്ഷ എല്ലാവർക്കുമുള്ളതാണെന്ന് കാണിക്കാനുള്ള സമയമാണിത്”, ദേശീയ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ച് ജസ്റ്റിസ് എസ് മുരളീധർ പറഞ്ഞു.

അങ്കിത്തിന്റെ പിതാവ് ദേവേന്ദ്ര ശർമയും ഐബിയിലെ ഹെഡ് കോൺസ്റ്റബിൾ ആണ്. അങ്കിതിനെ മർദ്ദിക്കുകയും പിന്നീട് വെടിവയ്ക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് അയച്ചു.

Read in English: Delhi violence: Body of 26-year-old man, working with IB, found in Chand Bagh

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook