ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ കലാപത്തിൽ അക്രമസംഭവങ്ങളിൽ ദുഃഖം രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. പരമാവധി സംയമനം പാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.

‘ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം’ യുഎന്‍ സെക്രട്ടറി ജനറലിന്റെ വാക്താവ് സ്റ്റീഫൻ ഡുജറിക് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഡൽഹിയിൽ ഏറ്റുമുട്ടിയപ്പോൾ 33 പേർക്കാണ് ജീവൻ നഷ്ടമായത്. വർഗീയ കലാപത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 250ഓളം ആളുകളാണ്.

ഇത് രണ്ടാം തവണയാണ് ഡൽഹി കലാപത്തിൽ യുഎൻ സെക്രട്ടറി ജനറൽ പ്രതികരിക്കുന്നത്. നേരത്തെ ഡൽഹിയിലെ സാഹചര്യങ്ങൾ താൻ പിന്തുടരുന്നുണ്ടെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ പ്രകടനക്കാരെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഡൽഹിയിൽ അക്രമണ സംഭവങ്ങൾക്ക് അയവ് വന്നിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഘർഷത്തിനു ഇരകളായവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളും ആക്രമണങ്ങളും അജിത് ഡോവലിനോട് അവർ വിവരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook