/indian-express-malayalam/media/media_files/uploads/2017/02/dusu-ani.jpg)
ന്യൂഡൽഹി: ഡൽഹി സർവ്വകലാശാലയിൽ എ ബി വി പി പ്രവർത്തരും ഐസ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. സർവ്വകലാശാലയ്ക്ക് കീഴിലെ റാംജാസ് കോളേജിൽ ഉമർ ഖാലിദിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇരു വിഭാഗം വിദ്യാർത്ഥികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘർഷം തടയാനെത്തിയ പൊലീസുകാർക്കും അക്രമത്തിൽ പരിക്കേറ്റു.
ചൊവ്വാഴ്ച റാംജാസ് കോളേജിൽ നടന്ന ശിൽപ്പശാലയിലേക്ക് ഉമർ ഖാലിദിനെയും ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദിനെയും സംഘാടകർ ക്ഷണിച്ചിരുന്നു. സിപിഐ(എംഎൽ) അനുകൂല വിദ്യാർത്ഥി സംഘടനയായ ഐസയാണ് പരിപാടിക്ക് നേതൃത്വം നൽകിയിരുന്നത്. എന്നാൽ ഇരുവരെയും കോളേജ് ക്യംപസിൽ പ്രവേശിപ്പിക്കില്ലെന്ന് എ ബി വി പി പ്രവർത്തകർ നിലപാടെടുത്തു. ഇവർ ചൊവ്വാഴ്‌ച രാവിലെ കോളേജ് കവാടത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ഉമർ ഖാലിദ്, ഷെഹ്‌ല റഷീദ് എന്നിവർക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു. ഇരുവരും പരിപാടിയിൽ പങ്കെടുത്തില്ല. ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും ഈ പ്രതിഷേധത്തെ അനുകൂലിച്ച് മുന്നോട്ട് വന്നിരുന്നു.
അക്രമത്തിന് പോലും സജ്ജമായാണ് വിദ്യാർത്ഥികൾ ചൊവ്വാഴ്‌ച കോളേജിന് മുന്നിൽ സംഘടിച്ചത്. ഇവർ പരമാവധി കല്ലുകൾ ശേഖരിച്ചാണ് പ്രതിഷേധം നടത്തിയത്. ഇരുവരും പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെയാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്.
ഈ പ്രതിഷേധത്തിന് ശേഷം, ഇന്ന് രാവിലെയും വിദ്യാർത്ഥികൾ എ ബി വി പി യുടെ നേതൃത്വത്തിൽ ഡൽഹി സർവ്വകലാശാലയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ചു. ഇതിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ സംഘർഷത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല.
2016 ഫെബ്രുവരി 9 നാണ് ദേശ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയെന്ന് ആരോപിച്ച് ഉമർ ഖാലിദിനെ രാജ്യദ്രോഹ കുറ്റം ചുമത്തി പിടികൂടിയത്. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നടന്ന സംഭവങ്ങളാണ് ഇതിലേക്ക് നയിച്ചത്. അന്ന് ഉമർ ഖാലിദിനും സംഘത്തിലുൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കുമെതിരെ പരാതി ഉയർത്തിയത് എ ബി വി പി യാണ്. ഇതോടെ എ ബി വി പി യും മറ്റ് വിദ്യാർത്ഥി സംഘടനകളും രണ്ട് തട്ടിലായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.