ഡല്‍ഹി: സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് ഇനി സൗജന്യ യാത്ര. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരാണ് ഇത് അറിയിച്ചത്. ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ക്ലസ്റ്റർ ബസുകളിലും ഈ സൗജന്യം ലഭിക്കും.

രക്ഷാബന്ധൻ ദിനത്തിൽ ഡൽഹിയിലെ സഹോദരിമാർക്കുള്ള തന്റെ സമ്മാനമാണ് ഇതെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Read Also: അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും; പൃഥ്വിരാജ് മല്ലികയോട്

200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ അടയ്‌ക്കേണ്ട എന്ന ചരിത്ര തീരുമാനം കെജ്‌രിവാൾ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി ഉപയോഗം 200 യൂണിറ്റിനുള്ളില്‍ ആണെങ്കില്‍ അവര്‍ക്ക് വൈദ്യുതി ബില്‍ ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഇതൊരു ചരിത്ര തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.

200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള തുക തന്നെ ഈടാക്കും. 201 യൂണിറ്റ് മുതല്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഒരു കിലോവാട്ടിന് നാലര രൂപയാണ് ഈടാക്കുന്നത്. 401 യൂണിറ്റ് മുതല്‍ 800 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഒരു കിലോവാട്ടിന് ആറര രൂപ ഈടാക്കും. 801 മുതല്‍ 1200 യൂണിറ്റ് വരെയാണ് ഉപയോഗമെങ്കില്‍ ഒരു കിലോവാട്ടിന് ഈടാക്കുക ഏഴ് രൂപയാണ്. 1200 യൂണിറ്റിന് മുകളിലാണ് ഉപയോഗമെങ്കില്‍ കിലോവാട്ടിന് എട്ട് രൂപയാണ്. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ കുറച്ച് സമയം എടുത്തെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപനം നടത്താന്‍ സാധിക്കാതെ പോയതെന്നും കെജ്‌രിവാൾ പറഞ്ഞു.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook