ദക്ഷിണ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലുമുള്ള എല്ലാ കാർ പാർക്കിംഗ് സ്ഥലങ്ങളിലും ഒരു ലെയിൻ വനിതകൾക്കായി സംവരണം ചെയ്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം. പാർക്കിംഗ് സ്ഥലങ്ങളിലെ ആദ്യത്തെ ലെയിനാണ് സ്ത്രീകൾക്കായി സംവരണം ചെയ്യുന്നത്.
നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങളിൽ സ്ത്രീകൾ വലിയ തോതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഡപ്യൂട്ടി കമ്മിഷണർ പ്രേശങ്കർ ഝാ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനായി വിപാർക്(wepark) എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷനും മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി ആരംഭിച്ചിട്ടുണ്ട്. കാർ പാതിവഴിയിൽ ബ്രേക്ക് ഡൗൺ ആയാലടക്കം മുനിസിപ്പൽ കോർപ്പറേഷൻ പ്രതിനിധി സഹായമെത്തിക്കുന്ന വിധത്തിലാണ് വിപാർക് ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്.
തന്നെ ആരെങ്കിലും പിന്തുടരുന്നതായി സംശയം തോന്നിയാലും വേഗത്തിൽ പൊലീസ് സഹായം തേടുന്നതിനും ആപ്ലിക്കേഷനിൽ സൗകര്യം ഉണ്ട്. ഇതിന് പുറമേ താൻ പോകാനുദ്ദേശിക്കുന്ന സ്ഥലത്ത് പാർക്കിംഗ് സ്ഥാനം മുൻകൂർ ബുക്ക് ചെയ്യുന്നതിനും ഈ ആപ്ലിക്കേഷനിൽ സൗകര്യം ഉണ്ട്.