ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ അതിനെ അടിച്ചമര്‍ത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യതലസ്ഥാനത്ത് ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്‌ജാൽ അനുമതി നല്‍കി.

ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യസുരക്ഷയ്ക്ക് എതിരാണെന്ന് തോന്നിയാല്‍ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഏതെങ്കിലും ഒരു വ്യക്തി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ അയാളെ കാരണങ്ങള്‍ ബോധിപ്പിക്കാതെ അറസ്റ്റ് ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് മാസംവരെ ഇവരെ തടങ്കലില്‍ വയ്ക്കാനും അനുമതിയുണ്ട്. ജനുവരി 19 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 18 വരെയാണ് ഇതിനു നിയമസാധുതയുള്ളത്.

Read Also: ത്രസിപ്പിക്കുന്ന ഐറ്റം നമ്പറുമായി ‘ഷൈലോക്കി’ലെ ആദ്യ ഗാനമെത്തി

ജനുവരി പത്തിനാണ് ലഫ്.ഗവര്‍ണര്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് പുതിയ ഉത്തരവ് അയച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴിലാണ് ഡല്‍ഹി പൊലീസ് വരുന്നത്. അതിനാല്‍ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ കുറയ്ക്കാന്‍ പുതിയ നടപടിയിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് വലിയ പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. ക്യാംപസുകളിലും പുറത്തുമായി നിരവധി വിദ്യാർഥികളടക്കം പ്രതിഷേധിക്കുന്നുണ്ട്. ഡൽഹി ഷഹീൻ ബാഗിൽ കെെകുഞ്ഞുങ്ങളുമായി എത്തി നിരവധി സ്ത്രീകളാണ് പ്രതിഷേധ പരിപാടികൾ പങ്കെടുത്തത്. രാത്രി ഏറെ വെെകിയും പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. കേന്ദ്രം പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook