/indian-express-malayalam/media/media_files/uploads/2022/05/Delhi-stadium-.jpg)
Express photo by Abhinav Saha
ന്യൂഡൽഹി: ഡൽഹി സർക്കാരിന് കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും രാത്രി 10 മണി വരെ തുറന്നിരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ) സഞ്ജീവ് ഖിർവാറിന് തന്റെ വളർത്തു നായയുമായി സായാഹ്‌ന സവാരിക്ക് ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ത്യാഗരാജ് സ്റ്റേഡിയം ഏഴ് മണിക്ക് അടയ്ക്കുന്നു എന്ന പരാതി കായികതാരങ്ങളും പരിശീലകരും ഉന്നയിച്ചതായുള്ള ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പരാമർശിച്ചു കൊണ്ടായിരുന്നു സിസോദിയ ഇക്കാര്യം അറിയിച്ചത്.
“ചില സ്റ്റേഡിയങ്ങൾ നേരത്തെ അടച്ചുപൂട്ടുന്നത് രാത്രി വൈകിയും കളിക്കാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതായുള്ള വാർത്താ റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഡൽഹി സർക്കാരിന്റെ എല്ലാ സ്റ്റേഡിയങ്ങളും കായിക താരങ്ങൾക്കായി രാത്രി 10 വരെ തുറന്ന് വയ്ക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദ്ദേശം നൽകിയിട്ടുണ്ട്, ”സിസോദിയ ട്വീറ്റ് ചെയ്തു.
വാർത്താ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശീലന സൗകര്യങ്ങളുടെ അഭാവം മൂലം കായികതാരങ്ങൾ കഷ്ടപ്പെടരുതെന്നും കായിക സൗകര്യങ്ങൾ അവരുടെ സമയത്തിനനുസരിച്ച് അവർക്ക് ലഭ്യക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു.
News reports have brought to our notice that certain sports facilities are being closed early causing inconvenience to sportsmen who wish to play till late nite. CM @ArvindKejriwal has directed that all Delhi Govt sports facilities to stay open for sportsmen till 10pm pic.twitter.com/LG7ucovFbZ
— Manish Sisodia (@msisodia) May 26, 2022
ഇന്ന് രാവിലെയാണ് ഇന്ത്യൻ എക്സ്പ്രസ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രിൻസിപ്പൽ സെക്രട്ടറിക്കും നായക്കും സവാരി നടത്തുന്നതിന് നേരത്തെ പരിശീലനം അവസാനിപ്പിക്കേണ്ട ഗതികേടിലായി തങ്ങളെന്ന് കായികതാരങ്ങളും പരിശീലകരുമാണ് പരാതി പറഞ്ഞത്.
"മുമ്പ് ഞങ്ങൾ രാത്രി 8.30 വരെ ഫ്ലഡ് ലൈറ്റുകൾക്ക് കീഴിൽ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ, ഞങ്ങളോട് വൈകുന്നേരം 7 മണിക്ക് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയാണ്, അങ്ങനെ ചെയ്താൽ ഓഫീസർക്ക് തന്റെ നായയുമായി അവിടെ നടക്കാൻ കഴിയും. ഞങ്ങളുടെ പരിശീലനവും തടസപ്പെടുകയാണ്,” ഒരു പരിശീലകൻ ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞു.
അതേസമയം, ബന്ധപ്പെട്ടപ്പോൾ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഖിർവാർ ആരോപണങ്ങൾ നിഷേധിച്ചു, ആരോപണം 'തീർത്തും തെറ്റാണ്'. "ചിലപ്പോൾ" തന്റെ നായയുമായി നടക്കാൻ പോകാറുണ്ടെന്ന് സമ്മതിച്ച അദ്ദേഹം അത് കായിക താരങ്ങളുടെ പരിശീലനം മുടക്കി കൊണ്ടല്ല എന്ന് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വൈകുന്നേരങ്ങളിൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ സ്റ്റേഡിയം സന്ദർശിച്ചിരുന്നു, ഏകദേശം 6.30 ഓടെ സ്റ്റേഡിയം ഗാർഡുകൾ ട്രാക്കിലേക്ക് നടന്നുവരുകയും, വിസിൽ മുഴക്കി, രാത്രി 7 മണിയോടെ എല്ലാവരും പുറത്തുകടന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് കണ്ടു. 2010-ലെ കോമൺവെൽത്ത് ഗെയിംസിനായി നിർമ്മിച്ചതാണ് ഈ സ്റ്റേഡിയം.
വൈകുന്നേരത്തെ ഔദ്യോഗിക സമയം നാല് മുതൽ ആറ് മണി വരെയാണെന്നും എന്നാൽ ചൂട് കണക്കിലെടുത്ത് അത്ലറ്റുകൾക്ക് രാത്രി 7 മണി വരെ പരിശീലനം നടത്താമെന്നും സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ അജിത് ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എന്നാൽ, സമയം വ്യക്തമാക്കുന്ന ഔദ്യോഗിക ഉത്തരവുകളൊന്നും ചൗധരി പങ്കുവെച്ചില്ല. താൻ ഏഴ് മണിക്ക് പോകുമെന്നും വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 7.30ന് ശേഷം ഖിർവാർ തന്റെ നായയുമായി സ്റ്റേഡിയത്തിലെത്തുന്നത് ഇന്ത്യൻ എക്സ്പ്രസ് കണ്ടു. സെക്യൂരിറ്റി ഗാർഡുകൾനോക്കി നിൽക്കെ വളർത്തുനായ ട്രാക്കിലും ഫുട്ബോൾ മൈതാനത്തും കറങ്ങുന്നത് കാണാമായിരുന്നു.
“ഒരു കായികതാരത്തോട് അവരുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം വിട്ടുപോകാൻ ഞാൻ ഒരിക്കലും ആവശ്യപ്പെടില്ല. സ്റ്റേഡിയം അടച്ചതിന് ശേഷമാണ് ഞാൻ വരുന്നത്…ഞങ്ങൾ അവനെ (നായയെ) ട്രാക്കിലേക്ക് വിടില്ല…ആരും ഇല്ലെങ്കിൽ വിട്ടേക്കും, പക്ഷേ ഒരു കായികതാരത്തിനും ബുദ്ധിമുട്ടാകുന്ന വിധത്തിൽ ചെയ്യില്ല. എതിർപ്പുള്ള കാര്യമാണെങ്കിൽ ഞാനത് നിർത്തും." ഖിർവാർ പറഞ്ഞു.
കുട്ടികളുടെ പരിശീലനം തടസപ്പെടുകയാണെന്നും ഇതുപോലൊരു സംവിധാനം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്നും സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. നേരത്തെ രാത്രി 8:30 -9 മണി വരെ പരിശീലനം നടത്തിയിരുന്നെന്ന് പരിശീലകർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.