ന്യൂഡൽഹി: ഡൽഹിയിൽ മൂന്നംഗ കുടുംബത്തിന്റെ കൊലപാതകത്തിനു പിന്നിൽ മകനാണെന്ന് തെളിഞ്ഞു. അച്ഛനോടും അമ്മയോടും സഹോദരിയോടുമുളള ദേഷ്യം മൂലമാണ് കൊല നടത്തിയതെന്ന് 18 കാരനായ സൂരജ് പൊലീസിനോട് സമ്മതിച്ചു. പിതാവിനോടായിരുന്നു തനിക്ക് കൂടുതൽ വൈരാഗ്യമെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.
ഇന്നലെയാണ് ഡൽഹിയിലെ വസന്ത് കുഞ്ചിനടുത്ത് കിസാൻഗഡിൽ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മിതിലേഷ് (45), ഭാര്യ സിയ (40), മകൾ നേഹ (16) എന്നിവരാണ് മരിച്ചത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകൻ സൂരജിനെ (18) പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. സൂരജിന്റെ കൈവിരലിൽ ചെറിയൊരു പരുക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
പൊലീസെത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടിൽനിന്നും ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. സൂരജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പഠിക്കാത്തതിനും കോളേജ് ക്ലാസ് കട്ട് ചെയ്യുന്നതിനും സൂരജിനെ പിതാവ് മിതിലേഷ് സ്ഥിരം വഴക്ക് പറയാറുണ്ടായിരുന്നു. ഇടയ്ക്ക് തല്ലാറുമുണ്ട്. ഓഗസ്റ്റ് 15-ാം തീയതി ട്യൂഷനു പോകാതെ കൂട്ടുകാർക്കൊപ്പം പട്ടം പറത്തി കളിച്ചതിന്റെ പേരിൽ തല്ലി. ഇതോടെയാണ് വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊല നടത്താൻ സൂരജ് തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പിതാവിനോടായിരുന്നു സൂരജിന് ദേഷ്യം കൂടുതലായുണ്ടായിരുന്നത്. സൂരജിന്റെ കൂട്ടുകാർ വീട്ടിൽ വരുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇതായിരുന്നു അമ്മയോടുളള ദേഷ്യത്തിന്റെ കാരണം. തന്റെ വിവരങ്ങളെല്ലാം മാതാപിതാക്കളോട് പറയുകയും തന്റെ ഫോൺ പരിശോധിക്കുകയും ചെയ്തതിന്റെ ദേഷ്യമാണ് സൂരജിന് സഹോദരിയോട് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് കൊല നടത്താനായി സൂരജ് കത്തിയും കത്രികയും വാങ്ങിയത്. ബുധനാഴ്ച അർധരാത്രി വരെ മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ചെലവഴിച്ചു. പുലർച്ചെ മൂന്നു മണിക്ക് സൂരജ് ഉണർന്നു. നേരെ മാതാപിതാക്കളുടെ മുറിയിലേക്ക് പോയി. പിതാവിന്റെ നെഞ്ചിലും വയറിലും നിരവധി തവണ കുത്തി. ശബ്ദം കേട്ടുണർന്ന സൂരജിന്റെ അമ്മ ഒച്ചയുണ്ടാക്കാൻ തുടങ്ങുന്നതിനു മുൻപേ അവരെയും കുത്തി. പക്ഷേ അമ്മ അപ്പോൾ മരിച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കുത്തിയശേഷം സൂരജ് സഹോദരിയുടെ മുറിയിലേക്ക് പോയി. സഹോദരിയുടെ കഴുത്ത് മുറിച്ചു. ഈ സമയം സൂരജിന്റെ അമ്മ അവിടെ എത്തുകയും മകളെ കൊല്ലുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. അവിടെ വച്ച് സൂരജ് അമ്മയെ വീണ്ടും തുടരെ തുടരെ കുത്തിയതായി പൊലീസ് പറഞ്ഞു. സഹോദരിയെ കൊന്നതിനുശേഷം അവളുടെ മൃതദേഹത്തിനരികിലിരുന്ന് താൻ ഏറെ നേരം കരഞ്ഞുവെന്ന് സൂരജ് ചോദ്യം ചെയ്യലിൽ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിനുശേഷം വീട്ടിലെ സാധനങ്ങൾ വാരി വലിച്ചിട്ടു. കത്തിയും കൈകളും കഴുകി. രണ്ടു മണിക്കൂറിനുശേഷം അയൽവാസികളെ വിവരം അറിയിച്ചു. മോഷ്ടാക്കൾ വീട്ടിലെത്തിയതായും അച്ഛനെയും അമ്മയെയും സഹോദരിയെയും കൊന്നതായി സൂരജ് അയൽവാസികളോട് പറയുകയായിരുന്നു.