ന്യൂഡൽഹി: കാറും പണവും മോഷ്ടിച്ച് മകൻ കടന്നുകളഞ്ഞതായി മാതാപിതാക്കളുടെ പരാതി. 18 കാരനായ മകൻ അച്ഛന്റെ കാറും അമ്മയുടെ അക്കൗണ്ടിൽനിന്നും 13 ലക്ഷം രൂപയും പിൻവലിച്ചാണ് കടന്നുകളഞ്ഞത്. ഇതിനു പുറമേ വീട്ടിലെ അലമാരയിലുണ്ടായിരുന്ന 50,000 രൂപയും മോഷ്ടിച്ചതായി മാതാപിതാക്കളുടെ പരാതിയിലുണ്ട്.
ഡിസംബർ 19 നാണ് 12-ാം ക്ലാസ് വിദ്യാർത്ഥി മോഷണം നടത്തിയശേഷം കടന്നുകളഞ്ഞത്. അതിനുശേഷം മാതാപിതാക്കളെ ഫോണിൽ വിളിച്ച് തന്നെ തിരയേണ്ടെന്നും വീട്ടിലേക്ക് മടങ്ങി വരില്ലെന്നും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ജയ്പൂരിലാണ് അവന്റെ ഫോൺ അവസാനം ആക്ടീവ് ആയിരുന്നതെന്ന് മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു. അതിനുശേഷം ഫോൺ സ്വിച്ച് ഓഫാണ്.
അതേസമയം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മകൻ കാർ ഉപയോഗിക്കുമോയെന്ന ഭയമുണ്ടെന്നും അവൻ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയമുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. മകന്റെ കാമുകിയും സുഹൃത്തുക്കളുമാകാം മോഷണത്തിന് അവനെ പ്രേരിപ്പിച്ചതെന്നാണ് ആദ്യം കരുതിയതെന്നും മാതാപിതാക്കൾ പറഞ്ഞു. എന്നാൽ അവന്റെ പ്രവൃത്തിയെക്കുറിച്ചോ ഇപ്പോൾ അവൻ എവിടെയാണെന്നോ അറിയില്ലെന്നാണ് കാമുകി വ്യക്തമാക്കിയത്.
നേരത്തെയും അമ്മയുടെ അക്കൗണ്ടിൽനിന്നും 50,000 രൂപ 18 കാരൻ പിൻവലിച്ചിരുന്നു. കൂട്ടുകാരനെ സഹായിക്കാനാണ് പണം എടുത്തതെന്നായിരുന്നു അപ്പോൾ പറഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു.