ന്യൂഡല്‍ഹി: പിസ നല്‍കാമെന്ന് പറഞ്ഞ് പത്താം ക്ലാസുകാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. വെളളിയാഴ്ചയാണ് പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാടകവീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിന്റെ ഉടമസ്ഥന്റെ മകനാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിസ വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ടുപോയത്. പിസ ലഭിക്കുമെന്ന് കരുതിയ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം നഗരത്തിലേക്ക് പോയി. തുടര്‍ന്ന് യുവാവ് പത്താം ക്ലാസുകാരിയെ ഒരു മുറിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
ഇതിന് പിന്നാലെയാണ് വീട്ടുടമസ്ഥന്റെ മകന്റെ മൂന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. പീഡനത്തിന് പിന്നാലെ ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കല്യാണ്‍പുരിയിലെ കല്യാണ്‍വാസിലാണ് പെണ്‍കുട്ടി താസിക്കുന്നത്.
പ്രതികള്‍ ഈസ്റ്റ് വിനോദ് നഗറിലാണ് താമസിക്കുന്നത്. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടിയെ യുവാക്കള്‍ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മാതാവ് വീട്ടിലെത്തിയപ്പോഴാണ് പത്താം ക്ലാസുകാരി പീഡനവിവരം അറിയിച്ചത്. തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് പൊലീസ് നാല് യുവാക്കള്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്. വെളളിയാഴ്ച തന്നെ നാല് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു.