ന്യൂഡല്‍ഹി: കാഞ്ചവാലയില്‍ ഇരുപതുകാരിയെ കാറിടിച്ചുകൊല്ലപ്പെടുത്തിയശേഷം നാല് കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി.
സ്പെഷല്‍ കമ്മിഷണര്‍ സിപി ശാലിനി സിങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി എത്രയും പെട്ടെന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ നടന്ന അപകടത്തെത്തുടര്‍ന്നു കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പ്രതികളിലൊരാള്‍ ബി ജെ പിയുമായി ബന്ധമുള്ളയാളാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ജലി സിങ്ങിനെ ഇടിച്ചിട്ട കാര്‍, തുടര്‍ന്നു സുല്ത്താന്പുരിയില്നിന്നു കാഞ്ചവാലയിലേക്കു വലിച്ചിഴച്ചു. വസ്ത്രം കീറിപ്പറഞ്ഞ നിലയിലാണു യുവതിയുടെ മൃതദേഹം കാഞ്ചവാലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിനു കാരണമായതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ അഞ്ച് പ്രതികളെ ഡല്‍ഹി കോടതി മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രതികളിലൊരാളായ മനോജ് മിത്തല്‍ (27) സുല്‍ത്താന്‍പുരി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്നു ബി ജെ പി ഡല്‍ഹി ഭാരവാഹികള്‍ പറഞ്ഞു.
”അദ്ദേഹം വളരെ കുറച്ചുകാലമായുള്ള പ്രവര്‍ത്തകനാണ്. നാലു ദിവസം മുമ്പ് ഞങ്ങളുടെ പ്രാദേശിക ഡേറ്റ എന്‍ട്രി സെല്ലിന്റെ കോ-കണ്‍വീനറായി അദ്ദേഹത്തെ നിയമിച്ചു. അദ്ദേഹം പാര്‍ട്ടിനിരയില്‍ വളരെ താഴ്ന്നയാളാണ. മംഗോള്‍പുരി പ്രദേശത്തെ ഒരു സബ് ഡിവിഷന്റെ ഭാഗം മാത്രമാണ്,”ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് പറഞ്ഞു.
സുല്‍ത്താന്‍പുരി പൊലീസ് സ്റ്റേഷനു സമീപം ഉള്‍പ്പെടെ പ്രദേശത്ത് പലയിടത്തും പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ മനോജ് മിത്തലിനെ മംഗോല്‍പുരി വാര്‍ഡിന്റെ കോ-കണ്വീനറായാണു വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഇന്നുരാവിലെ ഈ പോസ്റ്ററുകളില്‍ പലതും കീറി.
സുല്‍ത്താന്‍പുരി പി ബ്ലോക്കിലെ റേഷന്‍ ഡീലറാണു മനോജ് മിത്തലെന്നു പൊലീസ് പറഞ്ഞു. അതേസമയം, ബി.ജെ.പിയുമായുള്ള ബന്ധം കാരണം പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ (304 എ – അശ്രദ്ധമൂലം മരണത്തിനു കാരണമാകല്‍) പ്രകാരമാണു കേസെടുത്തതെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
”കേസിലെ പ്രതിയായ മനോജ് മിത്തലിന്റെ പേരില്‍ പൊലീസ് സ്റ്റേഷനു പുറത്ത് ഒരു ഹോര്‍ഡിങ് ഉണ്ട്. അതേ പൊലീസ് സ്റ്റേഷനിലാണ് മനോജിനെ ലോക്കപ്പലിട്ടിരിക്കുന്നത്. അദ്ദേഹം എങ്ങനെ ബി ജെ പിക്കാരനായെന്നതിനെക്കുറിച്ചു പറയാന്‍ ഡല്‍ഹി പൊലീസും ലഫ്റ്റനന്റ് ഗവര്‍ണറും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല. പ്രതിയുടെ കോള്‍ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ വിനയ് സക്സേനയെ ഞാന്‍ വെല്ലുവിളിക്കുന്നു.
പ്രതി പൊലീസുമായും ബി ജെ പി നേതാക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. മൃതദേഹം വലിച്ച് കാര്‍ നീങ്ങുമ്പോള്‍ മൂന്നു പി സി ആര് വാനുകള്‍ സമീപം കടന്നുപോയി,” ഭരദ്വാജ് പറഞ്ഞു.
”ഇതു മൂടിവയ്ക്കാനുള്ള ശ്രമങ്ങള്‍ തുടക്കം മുതലേ നടക്കുന്നുണ്ട്… ഇതു ബി ജെ പിയുടെ കാര്യമായതിനാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യുമെന്നു ഞങ്ങള്‍ക്കു പ്രതീക്ഷയില്ല. ഇതു വലിയ നാണക്കേടാണ്. വോ ലോഗ് ഭാരതീയ ജനതാ പാര്‍ട്ടി കെ നെതാവോന് കോ ബാചനേ കി കോശിഷ് കര് രഹേ ഹൈന് ഔര്‍ എല്‍-ജി സാഹേബ് ഭീ ചാഹ്തേ ഹേ കി ഭാരതീയ ജനതാ പാര്‍ട്ടി കേ നേതാവോം കോ ബച്ചായ ജയേ (അവര്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അവര്‍ രക്ഷിക്കപ്പെടണമെന്നു ഗവര്‍ണറും ആഗ്രഹിക്കുന്നു),” അദ്ദേഹം പറഞ്ഞു.
എന്നാല്‍, സംഭവത്തെ എ എ പി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നു ബി ജെ പി ആരോപിച്ചു. ”പൊലീസ് നടപടി സ്വീകരിച്ചു. സംഭവം നടക്കുമ്പോള്‍ അയാള്‍ ഒരു പ്രവര്‍ത്തകനായിരുന്നുവെന്നു പൊലീസിന് അറിയാമായിരുന്നോ? ആം ആദ്മി പാര്‍ട്ടിയുടെ സൗരഭ് ഭരദ്വാജ് ഉപയോഗിക്കുന്ന ഭാഷ നിയമസഭാംഗത്തിനു ചേര്‍ന്നതല്ല. അയാള്‍ ഒരു വഴിയോര ഗുണ്ടയെപ്പോലെയാണു സംസാരിക്കുന്നത്… ഇത് വളരെ ഗൗരവമുള്ള സംഭവമാണ്. പ്രതികളെ അതിവേഗ കോടതി വിചാരണ ചെയ്ത് തൂക്കിലേറ്റണം,” ബി ജെ പി ഡല്‍ഹി വക്താവ് ഹരീഷ് ഖുറാന പറഞ്ഞു.