ന്യൂഡൽഹി: ബിജെപി നേതാക്കളും മൂന്നു മുൻസിപ്പൽ കോർപ്പറേഷൻസിലെ കമ്മിഷ്ണർമാരും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടത്തിയ ചർച്ച അലങ്കോലമായി. യോഗം തുടങ്ങി ഏതാനും മിനിറ്റുകൾക്കം പുറത്തുവന്ന ബിജെപി നേതാക്കളും കമ്മിഷ്ണർമാരും ആം ആദ്മി പാർട്ടി നേതാക്കൾ തങ്ങളെ കൈയ്യേറ്റം ചെയ്തതായി ആരോപിച്ചു. ബിജെപിയുടെ ഡൽഹി ചീഫ് മനോജ് തിവാരി ഇതുസംബന്ധിച്ച് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

ചട്ടലംഘനത്തിന്റെ പേരിൽ ഡൽഹിയിലെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്ന കോർപ്പറേഷൻ നടപടിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനാണ് ഔദ്യോഗിക വസതിയിൽ കേജ്‌രിവാൾ യോഗം വിളിച്ചുചേർത്തത്. യോഗം അലങ്കോലമായതോടെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുളള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് കേജ്‌രിവാൾ വ്യക്തമാക്കി. ഡൽഹി മാസ്റ്റർ പ്ലാൻ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന കച്ചവട കേന്ദ്രങ്ങൾക്കെതിരെ, സുപ്രീം കോടതി സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ഒരു മാസമായി കോർപറേഷൻ അധികൃതർ നടപടിയെടുത്തിരുന്നത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മനോജ് തിവാരി മാധ്യമങ്ങളോട് സംസാരിക്കുന്നു

യോഗത്തിനുശേഷം വാർത്താസമ്മേളനം നടത്തിയ മനോജ് തിവാരി എഎപിക്കെതിരെ ആഞ്ഞടിച്ചു. ”ഞാൻ ഞെട്ടിപ്പോയി. ജനാധിപത്യ രാജ്യത്തിൽ ചിലരുടെ വികാരങ്ങൾക്ക് മുറിവേറ്റിരിക്കുന്നു. ‘അതിഥി ദേവോ ഭവ’ എന്ന ഇന്ത്യൻ സംസ്കാരത്തിന് അപമാനകരമാകുന്ന സംഭവങ്ങളാണ് മുഖ്യമന്ത്രിയുടെ വസതിയിൽ ഉണ്ടായത്. ഇപ്പോൾ ഞാൻ സുരക്ഷിതനാണ്. കാരണം ഞാൻ സംസാരിക്കുന്നത് ബിജെപി ഓഫിസിൽവച്ചാണ്. നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ മേയർ പ്രീതി അഗർവാളും മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് അക്രമത്തിനിരയായി. അവർ ഒരു മേയർ എന്നത് ഓർക്കേണ്ട, പക്ഷേ അവർ ഒരു സ്ത്രീയാണെന്ന് ഓർക്കണം”, തിവാരി പറഞ്ഞു.

അതേസമയം, ബിജെപിയുടെ ആരോപണങ്ങളെ എഎപി നിഷേധിച്ചു. ”ബിജെപിയുടെ ഒരു നേതാവിനെയും കൈയ്യേറ്റം ചെയ്തിട്ടില്ല. അവിടെ സംഭവിച്ചതെല്ലാം ക്യാമറയിൽ റെക്കോർഡ് ആയിട്ടുണ്ട്. ബിജെപി നേതാക്കളെയും മുൻസിപ്പൽ ഉദ്യോഗസ്ഥരെയും കൈയ്യേറ്റം ചെയ്തതായുളള ആരോപണം ശുദ്ധ അസംബന്ധമാണ്. ഈ യോഗത്തിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒട്ടേറെ കച്ചവടക്കാരുണ്ട്. പക്ഷേ ബിജെപി യോഗത്തിൽനിന്നും ഒളിച്ചോടുകയാണ്”, എഎപി എംഎൽഎ ജെർനെയിൽ സിങ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ