ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആണ്‍കുട്ടികള്‍ പഠിക്കുന്ന പ്രൈമറി സ്കൂളില്‍ ഹിന്ദു-മുസ്ലിം വിദ്യാര്‍ത്ഥികളെ തരംതിരിച്ച് ക്ലാസുകളില്‍ ആക്കിയതായി ആരോപണം. വസീറാബാദിലെ നോര്‍ത്ത് മുന്‍സിപ്പല്‍ കോര്പ്പറേഷന് ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് മതഭേദപ്രകാരം തരംതിരിച്ച് ക്ലാസുകളിലാക്കിയതെന്ന് ഒരു വിഭാഗം അധ്യാപകരാണ് ആരോപിച്ചത്. ഇന്ത്യന്‍ എക്സ്പ്രസിന് ലഭിച്ച സ്കൂളിലെ ഹാജര്‍ പട്ടികാവിവരങ്ങളില് ആരോപണം ശരിയാണെന്നും സ്ഥിരീകരിച്ചു.
* 1 എ ക്ലാസ്: 36 ഹിന്ദുക്കള്‍, 1 ബി ക്ലാസ്: 36 മുസ്ലിംകൾ
* 2 എ ക്ലാസ്: 47 ഹിന്ദുക്കള്‍, 2 ബി ക്ലാസ്: 26 മുസ്ലിംകൾ, 15 ഹിന്ദുക്കള്‍, 2 സി ക്ലാസ്: 40 മുസ്ലിംകൾ
* 3 എ ക്ലാസ്: 40 ഹിന്ദുക്കള്‍, 3 ബി ക്ലാസ്: 23 ഹിന്ദുക്കള്‍, 11 മുസ്ലിംകൾ, 3 സി ക്ലാസ്: 40 മുസ്ലിംകൾ, 3 ഡി ക്ലാസ്: 14 ഹിന്ദുക്കള്‍, 23 മുസ്ലിംകൾ
* 4 എ ക്ലാസ്: 40 ഹിന്ദുക്കള്‍, 4 ബി ക്ലാസ്: 19 ഹിന്ദുക്കള്‍, 13 മുസ്ലിംകൾ, 4 സി ക്ലാസ്: 35 മുസ്ലിംകൾ, 4ഡി ക്ലാസ്: 11 ഹിന്ദുക്കള്‍, 24 മുസ്ലിംകൾ
* 5 എ ക്ലാസ്: 45 ഹിന്ദുക്കള്‍, 5 ബി ക്ലാസ്: 49 ഹിന്ദുക്കള്‍, 5 സി ക്ലാസ്: 39 മുസ്ലിംകൾ, 2 ഹിന്ദുക്കള്‍, 5 ഡി ക്ലാസ്: 47 മുസ്ലിംകൾ
അഞ്ചാം ക്ലാസ് വരെ മാത്രമാണ് എംസിഡി സ്കൂളില്‍ ക്ലാസുകളുള്ളത്. പ്രൈമറി സ്കൂളുകളില്‍ ഓരോ തരത്തിലും 30 വിദ്യാര്‍ത്ഥികള്‍ എങ്കിലും ഉണ്ടാവണം എന്നത് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിര്‍ബന്ധമാണ്. അതേസമയം മനഃപൂര്‍വ്വമല്ല കുട്ടികളെ മതപ്രകാരം തരംതിരിച്ചതെന്ന് താത്കാലിക ഹെഡ്മാസ്റ്ററായ സിബി സിങ് ഷെറാവത് പറഞ്ഞു. സ്കൂളിലെ അച്ചടക്കത്തിന് വേണ്ടിയാണ് തരംതിരിച്ചതെന്നും കുട്ടികള്‍ പല കാര്യങ്ങള്‍ക്കും തമ്മില്‍ തല്ലാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ജൂലൈയില്‍ ഷെറാവത് ചുമതലയേറ്റതിന് ശേഷമാണ് കുട്ടികളെ മതത്തിന്റെ പേരില്‍ തരംതിരിച്ചതെന്ന് സ്കൂളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂലൈ 2നാണ് പഴയ പ്രിന്‍സിപ്പലിനെ മാറ്റിയത്. പുതിയ പ്രിന്‍സിപ്പൽ വരുന്നത് വരെയാണ് ഷെറാവത്തിന് ചുമതല നല്‍കിയത്. മറ്റ് അധ്യാപകരെ പോലും അറിയിക്കാതെയാണ് ഈ തീരുമാനം എടുത്തതെന്നും ആരോപണമുണ്ട്.
ചില അധ്യാപകര്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ സ്വന്തം ജോലി നോക്കിയാല്‍ മതിയെന്ന മറുപടിയാണ് ലഭിച്ചതെന്നും പരാതിയുണ്ട്. എംസിഡി സോണല്‍ ഓഫീസില്‍ ചില അധ്യാപകര്‍ പരാതി ഉന്നയിച്ചെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സംഭവത്തില്‍ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.