ഡല്‍ഹി: ഡല്‍ഹി കലാപക്കേസ് സംബന്ധിച്ച് ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അജിത് മോഹന്‍ ഡല്‍ഹി നിയമസഭാ സമിതി സമന്‍സ് പുറപ്പെടുവിച്ചത് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഫെയ്സ്ബുക്ക് ഇന്ത്യ തലവന്റെ ഹര്‍ജി അപക്വമാണെന്ന് ജസ്റ്റിസുമാരായ എസ് കെ കൗള്‍, ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.
സമാധാനാവും ഐക്യവും സംബന്ധിച്ച നിയമസഭാ സമിതിക്കു മുന്‍പാകെ അജിത് മോഹന്‍ ഹാജരാകണമെന്നു കോടതി ഉത്തരവിട്ടു. സഭയുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുന്നത് ഹര്‍ജിക്കാരന്റെ പ്രതിനിധിക്കു തിരഞ്ഞെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പ്രോസിക്യൂഷന് ഏജന്‍സിയുടെ ചുമതല സമിതിക്ക് ഏറ്റെടുക്കാനാവില്ലെന്നു ബഞ്ച് പറഞ്ഞു. നടപടികളിലെ സുതാര്യതയ്ക്ക് ഊന്നല്‍ നല്കിയ കോടതി കേന്ദ്രസര്‍ക്കാരിനു കീഴില്‍ വരുന്ന ഡല്‍ഹിയിലെ ക്രമസമാധാനം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ നിയസഭാസമിതിക്ക് അധികാരമില്ലെന്നും പറഞ്ഞു.
കലാപത്തിന്റെ സ്വഭാവം കാരണം, ഏഴാം പട്ടിക പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ഒരു മേഖലയിലേക്കും കടക്കാതെ നിയമസഭയ്ക്ക് ഈ വിഷയം പരിശോധിക്കാന്‍ കഴിയുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിനെതിരെ നിയമസഭാ സമിതി പത്രസമ്മേളനത്തില്‍ നടത്തിയ ചില പ്രസ്താവനകളും ബഞ്ച് ഒഴിവാക്കി. കുറ്റപത്രത്തില്‍ ഫേസ്ബുക്കിനെ കൂട്ടുപ്രതികളാക്കുന്നതിനെക്കുറിച്ച് സമിതി നടത്തിയ പ്രസ്താവനകള്‍ അതിന്റെ പരിധിക്കു പുറത്തുള്ളതാണെന്നു ബഞ്ച് പറഞ്ഞു.
Also Read: ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ; കോവിഡ് ബാധിച്ച മേഖലകളിലെല്ലാം പുതിയ മന്ത്രിമാർ
നിയമസഭാ സമിതിക്കു മുന്‍പാകെ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 10, 18 തിയതികളില്‍ ലഭിച്ച നോട്ടിസിനെതിരെയാണ് അജിത് മോഹന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹാജരാകാന്‍ സമിതിക്കു നിര്‍ബന്ധിക്കാനാവില്ലെന്ന് അജിത് മോഹനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ നേരത്തെ പറഞ്ഞിരുന്നു.