ന്യൂഡൽഹി: കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട ഡല്‍ഹി പൊലീസിനെ പിന്തുണച്ചും അഭിനന്ദിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപം കൂടുതല്‍ വഷളാകാതെ പൊലീസ് നിയന്ത്രിച്ചു. അക്രമങ്ങള്‍ പടരാതിരിക്കാന്‍ പൊലീസ് ആവശ്യമായ ഇടപെടലുകള്‍ നടത്തിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
കലാപത്തിനെതിരെ ശക്‌തമായ നടപടികൾ സ്വീകരിച്ചു എന്നും അതുകൊണ്ടാണ് ഫെബ്രുവരി 25 നു ശേഷം അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതെന്നും ആഭ്യന്തരമന്ത്രി ലോക്‌സഭയിൽ പറഞ്ഞു.
“കലാപത്തിനു കാരണക്കാരായ ആരേയും വെറുതേ വിടില്ല. കലാപം വെറും 36 മണിക്കൂറുകൾ കൊണ്ട് നിയന്ത്രിക്കുന്നതിൽ പൊലീസ് വിജയിച്ചു. അക്കാര്യം നമ്മൾ വിസ്‌മരിക്കരുത്,” പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു
ഡൽഹിയിലെ അക്രമങ്ങൾ ലോകത്തിനു മുന്നിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു എന്ന് ഷാ പറഞ്ഞു. ലോക്‌സഭയിൽ പ്രതിപക്ഷവും അതേ രീതിയിലാണ് ഡൽഹി കലാപത്തെ വ്യാഖ്യാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: ഇനി പിഴയില്ല; ഉപഭോക്‌താക്കൾക്ക് സന്തോഷ വാർത്തയുമായി എസ്‌ബിഐ
ഡൽഹി കലാപത്തെ രാഷ്ട്രീയവത്‌കരിക്കാൻ ശ്രമങ്ങൾ നടന്നതായി ഷാ പറഞ്ഞു. “കലാപ വാർത്തകൾ വന്നതു മുതൽ പൊലീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിനോട് കലാപ ബാധിത മേഖലകളിൽ പോകാനും റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഞാൻ കലാപ ബാധിത മേഖലകളിൽ പോയിട്ടില്ല. ഞാൻ അവിടെ പോയാൽ പൊലീസ് ഉദ്യോഗസ്ഥർ എന്റെ സുരക്ഷ നോക്കാൻ മുന്നിൽ ഓടേണ്ടി വരുമായിരുന്നു,” അമിത് ഷാ പറഞ്ഞു.
അക്രമകാരികൾ ആരും നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്നും ശക്‌തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിദ്വേഷ പ്രസംഗം നടത്തിയെന്നും കുറ്റപ്പെടുത്തി.
ഡൽഹി കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് അമിത് ഷാ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ മറുപടി കേട്ട് പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്നു ഇറങ്ങിപോയി.
കലാപം നിയന്ത്രിക്കുന്നതിൽ ഡൽഹി പൊലീസിനു വീഴ്‌ച പറ്റിയെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ഡൽഹി പൊലീസിനെതിരെ ഡൽഹി ഹെെക്കോടതിയിലും രൂക്ഷ വിമർശനമുയർന്നിരുന്നു. സംഘർഷങ്ങൾ നടക്കുന്ന സമയത്ത് പൊലീസ് ജാഗ്രത പുലർത്തിയില്ലെന്ന് ഡൽഹി ഹെെക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റിസ് എസ്.മുരളീധർ പറഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതും ജസ്റ്റിസ് മുരളീധർ ചോദ്യം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായി.
വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ അമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലേറെ പേർക്ക് പരുക്കേറ്റിരുന്നു.