ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകരും ജയിൽ മോചിതരായി. പിന്‍ജ്ര ടോഡ് പ്രവര്‍ത്തകരായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകന്‍ ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണു ജയിലിനു പുറത്തെത്തിയത്.
മൂന്നുപേർക്കും രണ്ടു ദിവസം മുൻപ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും മോചനം സാധ്യമായിരുന്നില്ല. ഇവരെ ഉടൻ മോചിപ്പിക്കാൻ അഡീഷണല്‍ സെഷന്‍സ് ജഡ്ജി രവീന്ദര്‍ ബേദി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് ഇന്നു രാവിലെ പതിനൊന്നിനാണു അഡീഷണല്‍ സെഷന്‍സ് ജഡ്ജി വാറന്റ് പുറപ്പെടുവിച്ചത്.
മൂന്നു പേരെയും മോചിപ്പിച്ച കാര്യം ഡൽഹി ജയിൽ ഡയരക്ടർ ജനറൽ സന്ദീപ് ഗോയൽ വാർത്താ ഏജൻസിയായ പിടിഐയോട് സ്ഥിരീകരിച്ചു. നടാഷയും ദേവാംഗനയും വൈകിട്ട് ഏഴിനും ആസിഫ് 7.30നും ജയിലിനു പുറത്തെത്തിയതായി മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ഒരു ദിവസം മോചിതനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും സിഎഎ, എൻആർസി, എൻപിആർ എന്നിവയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും ജയിൽ മോചിതനായ ശേഷം ആസിഫ് ഇഖ്ബാല്‍ തന്‍ഹ പ്രതികരിച്ചു.
കലാപത്തില്‍ പങ്ക് ആരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്താണ് മൂന്നുപേരെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടിച്ചിരുന്നത്. എന്നാൽ, യുഎപിഎ ദുരുപയോഗം ചെയ്യുന്നതിനെ എതിർത്ത ഹൈക്കോടതി, പ്രതിഷേധിക്കാനുള്ള അവകാശം ഭീകരവാദമല്ലെന്നും യുഎപിഎ ദുരുപയോഗം പാര്‍ലമെന്റിന്റെ സദുദ്ദേശത്തെ അട്ടിമറിക്കുന്നതാണെന്നും ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നു.
വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്ന ഹര്‍ജില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബുധനാഴ്ച മാറ്റിവച്ചിരുന്നു. കോടതിക്കു മുന്‍പാകെയുള്ള ജാമ്യാപേക്ഷകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്ന് ഈ ആവശ്യവുമായി വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി നടപടികള്‍ വേഗത്തിലാക്കണമെന്ന് നിരീക്ഷിച്ച ഹൈക്കോടതി വിഷയം പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചിരുന്നു.
പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നതിനാലാണ് മോചനം വൈകുന്നതെന്നായിരുന്നു പൊലീസ് കഴിഞ്ഞദിവസം അഡീഷണല്‍ സെഷന്‍സ് കോടതിയിൽ സ്വീകരിച്ച നിലപാട്. പ്രതികളുടെ വിലാസം പരിശോധിച്ച് റിപ്പോര്‍ട്ട് ഇന്നു വൈകീട്ട് അഞ്ചിന് സമര്‍പ്പിക്കാന്‍ അഡീഷണല്‍ സെഷന്‍സ് കോടതി വിദ്യാർഥികളെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ട് പൊലീസിന് നിര്‍ദേശം നല്‍കി.
Also Read: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം, 10,11,12 ക്ലാസ്സുകളിലെ മാർക്കുകൾ മാനദണ്ഡം
ഒരിക്കല്‍ ജാമ്യവിധി പുറപ്പെടുവിച്ചുകഴിഞ്ഞാല്‍, ഭരണപരമായ കാരണങ്ങളാല്‍ അത് തടസപ്പെടുത്താന്‍ കഴിയില്ലെന്നു തന്‍ഹയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ വാദിച്ചു. ” എന്നെ മോചിപ്പിച്ചശേഷം അവര്‍ക്ക് സ്ഥിരീകരണവുമായി മുന്നോട്ടു പോകാന്‍ കഴിയും. സ്ഥിരീകരണത്തിന്റെ ഒരു പ്രശ്‌നം, ഞാന്‍ ഒരു പ്രതിയാണ്, ഞാന്‍ എവിടെയാണ് താമസിക്കുന്നതെന്ന് അവര്‍ക്ക് തീര്‍ച്ചയായും അറിയാം. എന്റെ വിലാസം കുറ്റപത്രത്തിന്റെ ഭാഗമാണ് … എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കണ്ടെത്തിയാല്‍ ഞാന്‍ വീണ്ടും കസ്റ്റഡിയില്‍ വരും,”അദ്ദേഹം വാദിച്ചു.
ഇതിനോട് പ്രതികരിച്ചുകൊണ്ട് കോടതിക്കു മുന്‍പാകെയുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നു പ്രകടിപ്പിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂവെന്നു ജസ്റ്റിസ് മൃദുല്‍ പറഞ്ഞു. അപേക്ഷയില്‍ തീരുമാനമെടുക്കാത്തതിലൂടെ വിചാരണക്കോടതി ഒരു നിലപാട് സ്വീകരിച്ചതായി അഗര്‍വാള്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.