ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങളെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പതിനെട്ട് കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇന്ന് പുതിയ കേസുകളൊന്നും റജിസ്റ്റർ ചെയ്‌തിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ അറസ്റ്റ് ചെയ്‌തതായാണ് ഡൽഹി പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസത്തേതിൽ നിന്നു വ്യത്യസ്‌തമായി ഡൽഹിയിലെ സംഘർഷങ്ങൾക്ക് ഇന്ന് അൽപ്പം അയവു വന്നിട്ടുണ്ട്. സംഘർഷങ്ങളെ തുടർന്ന് 200 ലേറെ പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്.

പ്രധാനമന്ത്രിയുടെ പ്രതികരണം

‘സഹോദരീ സഹോദരന്മാർ’ സമാധാനവും സാഹോദര്യവും പുലർത്തണമെന്നും ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. സ്ഥിതിഗതികളെക്കുറിച്ച് വിപുലമായ അവലോകനം നടത്തിയെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

കേജ്‌രിവാൾ പറഞ്ഞത്

ഡൽഹിയിലെ അക്രമങ്ങൾക്ക് കാരണം പുറത്തുനിന്നുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കലാപം അടിച്ചമർത്താൻ സെെന്യത്തെ വിന്യസിക്കണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടു. “ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. കലാപം ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കു വേണ്ടി വളരെ നല്ലൊരു ഡൽഹി സൃഷ്‌ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡൽഹിയിലെ സാധാരണ ജനങ്ങൾ കലാപത്തിൽ ഇടപെട്ടിട്ടില്ല. അവർ ഇതിന്റെ ഭാഗമല്ല. പുറത്തുനിന്നുള്ളവരാണ് ഇവിടുത്തെ കലാപങ്ങൾക്ക് പ്രധാന കാരണം. അടിയന്തരമായി സെെന്യത്തെ വിളിക്കണം. സമാധാനം പുനസ്ഥാപിക്കണം.” കേജ്‌രിവാൾ പറഞ്ഞു. സെെന്യത്തെ വിളിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി.

അജിത് ഡോവൽ സന്ദർശിച്ചു

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷ മേഖലകൾ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ സന്ദർശിച്ചു. സംഘർഷത്തിനു ഇരകളായവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളും ആക്രമണങ്ങളും അജിത് ഡോവലിനോട് അവർ വിവരിച്ചു. “ഡൽഹിയിലെ അവസ്ഥ നിയന്ത്രണവിധേയമാണെന്ന് അജിത് ഡോവൽ പറഞ്ഞു. നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. പൊലീസ് നല്ല രീതിയിൽ കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. ജനങ്ങളെല്ലാം തൃപ്‌തരാണ്,” അജിത് ഡോവൽ ഡൽഹി സന്ദർശനവേളയിൽ പറഞ്ഞു.

തെരുവിലൂടെ നടക്കുകയായിരുന്ന അജിത് ഡോവലിനു പിന്നാലെ ബുർഖ ധരിച്ച ഒരു വിദ്യാർഥിനി നടന്നു. അജിത് ഡോവലിനു പിന്നാലെ നടന്നു ആ വിദ്യാർഥിനി പറഞ്ഞത് ഇങ്ങനെ: “ഞങ്ങൾ ഇവിടെ സുരക്ഷിതരാണെന്ന് തോന്നുന്നില്ല” ഉടൻ ഡോവലിന്റെ മറുപടി എത്തി: നിങ്ങൾ ആശങ്കപ്പെടേണ്ട, ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. ഇത് പൊലീസിന്റെ ഉത്തരവാദിത്തമാണ്, സർക്കാരിന്റെ ഉത്തരവാദിത്തമാണ്,” “ചില അക്രമികളാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്കു പിന്നിൽ. അക്രമികളെ ഒറ്റപ്പെടുത്താനാണ് ജനങ്ങൾ ശ്രമിക്കുന്നത്. പൊലീസ് ഇവിടെ കാര്യങ്ങളെല്ലാം കൃത്യമായി നിർവഹിക്കുന്നുണ്ട്. ആശങ്ക വേണ്ട. സംഭവിച്ചതെല്ലാം സംഭവിച്ചു. ഇൻശാ അള്ളാ, ഇവിടെ പൂർണ്ണമായും സമാധാനം സ്ഥാപിക്കപ്പെടും. എല്ലാവരും മറ്റുള്ളവരുമായി സ്‌നേഹത്തിലും സഹകരണത്തിലും ജീവിക്കണം. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാണ് പരസ്‌പരം ശ്രമിക്കേണ്ടത്. പ്രശ്‌നങ്ങൾ വർധിപ്പിക്കാനല്ല.” അജിത് ഡോവൽ പറഞ്ഞു.

ഹെെക്കോടതിയിലെ നാടകീയ രംഗങ്ങൾ

വടക്ക് കിഴക്കൻ ഡൽഹിയിലെ ആൾക്കൂട്ട ആക്രമണത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം നേരിട്ടതിൽ ഡൽഹി ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയോടുകൂടി തീരുമാനമെടുത്ത് വ്യാഴാഴ്ച അറിയിക്കാൻ പോലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. സ്ഥിതി വളരെ അസുഖകരമാണെന്നും “1984 അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല” എന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അധികാരികൾ “വളരെ ജാഗ്രത പാലിക്കണം” എന്നും കോടതി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ കണ്ടശേഷം അവർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഡൽഹി കമ്മിഷണർക്ക് നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ഇതുവരെ കണ്ടിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ പ്രസ്‌താവനയിൽ കോടതി ആശ്ചര്യം രേഖപ്പെടുത്തി. അതിനുശേഷം, തുറന്ന കോടതിയിൽവച്ച് ആ വീഡിയോ പ്ലേ ചെയ്‌തു കാണിച്ചു.

മുന്നറിയിപ്പ് നൽകി യുഎസ് എംബസി

വടക്കു കിഴക്കൻ ഡൽഹിയിൽ വർഗീയ സംഘർഷം ആളികത്തി നിൽക്കെ യുഎസ് പൗരന്‍മാർക്ക് എംബസിയുടെ കർശന നിർദേശം. യുഎസ് എംബസിയാണ് സുരക്ഷാ ഉപദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള യുഎസ് പൗരന്‍മാർ ജാഗ്രത പുലർത്തണമെന്നും സംഘർഷ മേഖലകളിലൂടെയുള്ള സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി നിർദേശം നൽകി. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷമെന്ന് എംബസിയുടെ മുന്നറിയിപ്പിൽ പ്രത്യേകം എടുത്തുപറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook