ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി. 200 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷം അന്വേഷിക്കാൻ ക്രെെം ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഡൽഹി പൊലീസായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. രണ്ട് പ്രത്യേക സംഘങ്ങളായാണ് ക്രെെം ബ്രാഞ്ച് കേസ് അന്വേഷിക്കുക.

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. പാർട്ടി നോക്കാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ഏത് സീനും ഭായിക്ക് ഓക്കെയാണ്; പിച്ച് റോളർ ഓടിച്ച് ധോണി, വീഡിയോ

അക്രമ സംഭവങ്ങൾക്കിടെ ഡൽഹിയിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു ആം ആദ്‌മി പാർട്ടി പ്രവർത്തകനു പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അക്രമികൾ ഏത് പാർട്ടിയിൽ നിന്നുള്ളവരാണെങ്കിലും നടപടിയെടുക്കുമെന്ന് കേജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞത്. അക്രമത്തിനു ഇരയായവർക്ക് പത്ത് ലക്ഷം രൂപ ഡൽഹി സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

ഡൽഹിയിൽ അക്രമ സംഭവങ്ങൾക്ക് അയവു വന്നതായി കേജ്‌രിവാൾ പറഞ്ഞു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനയ്‌ക്ക് അധിക മജിസ്‌ട്രേറ്റുമാരെ നിയമിക്കും. രാജ്യസുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കേജ്‌രിവാൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook