scorecardresearch
Latest News

അക്രമം നടത്തിയവർക്കെതിരെ പാർട്ടി നോക്കാതെ നടപടിയെടുക്കും: അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ അക്രമ സംഭവങ്ങൾക്ക് അയവു വന്നതായി കേജ്‌രിവാൾ പറഞ്ഞു

അക്രമം നടത്തിയവർക്കെതിരെ പാർട്ടി നോക്കാതെ നടപടിയെടുക്കും: അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പാർട്ടി നോക്കാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അക്രമ സംഭവങ്ങൾക്കിടെ ഡൽഹിയിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു ആം ആദ്‌മി പാർട്ടി പ്രവർത്തകനു പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അക്രമികൾ ഏത് പാർട്ടിയിൽ നിന്നുള്ളവരാണെങ്കിലും നടപടിയെടുക്കുമെന്ന് കേജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞത്. അക്രമത്തിനു ഇരയായവർക്ക് പത്ത് ലക്ഷം രൂപ ഡൽഹി സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

Read Also: ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’; ചാവക്കാട് വിരിയാൻ കാത്തിരിക്കുന്നത് ഏഴായിരത്തോളം കടലാമ മുട്ടകൾ

ഡൽഹിയിൽ അക്രമ സംഭവങ്ങൾക്ക് അയവു വന്നതായി കേജ്‌രിവാൾ പറഞ്ഞു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനയ്‌ക്ക് അധിക മജിസ്‌ട്രേറ്റുമാരെ നിയമിക്കും. രാജ്യസുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കേജ്‌രിവാൾ പറഞ്ഞു.

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങളിൽ ഇതുവരെ 37 പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. 200 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ ഉടന്‍ കേസെടുക്കില്ല. ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ഡല്‍ഹി സര്‍ക്കാര്‍ നാലാഴ്ച അനുവദിച്ചു. കേസ് ഏപ്രില്‍ 13ലേക്കു കോടതി മാറ്റി.

Read Also: ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല, എല്ലാം പാർട്ടിയിൽ വ്യക്‌തമാക്കും: എ.എൻ.രാധാകൃഷ്‌ണൻ

“ക്രമസമാധാന അന്തരീക്ഷം നിലനിര്‍ത്തുകയെന്നത് ഞങ്ങളുടെ ചുമതല”യാണെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിനുപിന്നാലെയാണു ചീഫ് ജസ്റ്റിസ് ഡിഎന്‍ പാട്ടീലും ജസ്റ്റിസ് സി ഹരിശങ്കര്‍ ഉള്‍പ്പെട്ടെ ബഞ്ച് കേന്ദ്രത്തിനു നാലാഴ്ച അനുവദിച്ചത്.

“നഗരത്തിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഞങ്ങള്‍ (കേന്ദ്രവും ഡല്‍ഹി പൊലീസും) തീരുമാനമെടുത്തിട്ടില്ല. ഞങ്ങള്‍ തീരുമാനമെടുക്കുന്നത് (എഫ്‌ഐആര്‍ ചുമത്തുന്നത്) മാറ്റിവച്ചിരിക്കുകയാണ്. ഉചിതമായ ഘട്ടത്തില്‍ അതു ചെയ്യും,”സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Delhi riot citizenship amendment act arawind kejriwal