ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. കലാപ കേസുകളിൽ 123 എഫ്‌ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വിവിധ കേസുകളിലായി 630 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കലാപത്തിനിടെ പൊലീസ് നിർബന്ധിച്ച് ദേശീയഗാനം പാടിക്കുകയും മർദിക്കുകയും ചെയ്ത യുവാവ് ചികിത്സയിൽ കഴിയവെ മരിച്ചു. ശരീരത്തിൽ ഗുരുതര പരുക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെെസാൻ (24) ആണ് മരിച്ചത്. അഞ്ച് യുവാക്കളെയാണ് പൊലീസ് നിർബന്ധിച്ച് ദേശീയഗാനവും വന്ദേമാതരവും പാടിച്ചത്. ഇതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ദേശീയഗാനം ആലപിക്കുന്ന യുവാക്കളെ പൊലീസ് ക്രൂരമായി മർദിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.
Read Also: ഏത് കഠിനാസനങ്ങളും ശിൽപയ്ക്ക് ‘സുഖാസനം’
സംഘർഷത്തെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിലെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. മാർച്ച് ഏഴ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. സംഘർഷങ്ങൾ കണക്കിലെടുത്താണ് വിദ്യാലയങ്ങൾക്ക് അവധി. സംഘർഷ മേഖലകളിലെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ഡൽഹിയിലെ സ്ഥിതിഗതികൾ ശാന്തമായി വരികയാണ്. രാജീവ് ചൗക് മെട്രോ സ്റ്റേഷനുളളിൽരാജ്യദ്രോഹികളെ വെടിവയ്ക്കൂവെന്ന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം മുഴക്കിയവരെ പൊലീസ് ഇന്നു കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ കപിൽ മിശ്ര, അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നേരത്തെ ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു. ഇന്നു രാവിലെ 10.50 നാണ് സംഭവം നടന്നതെന്നു മുദ്രാവാക്യം മുഴക്കിയവരെ പൊലീസിന് കൈമാറിയതായും സ്ഥിരീകരിച്ചുകൊണ്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പ്രസ്താവന ഇറക്കി.