ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ അക്രമ സംഭവങ്ങൾക്ക് അയവുവരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്നു വ്യത്യസ്‌തമായി ഡൽഹി പൊതുവേ ശാന്തമായിട്ടുണ്ട്. സംഘർഷങ്ങളും അക്രമങ്ങളും കുറഞ്ഞു. ഡൽഹിയിലെ കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42 പേരാണ്. ഇതിൽ 29 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്‌തമാക്കി. നൂറിനടുത്ത് ആളുകൾക്ക് സംഘർഷത്തിനിടെ വെടിയേറ്റതായും അതിൽ 21 പേരുടെ പരുക്ക് ഗുരുതരമായിരുന്നതായും പൊലീസ് പറയുന്നു. സംഘർഷത്തിൽ 250 ലേറെ പേർ ഇരകളായതായി പൊലീസ് വ്യക്‌തമാക്കി. പരുക്കേറ്റവർ ചികിത്സയിലാണ്. ഉപയോഗിച്ച 350 ഓളം കാർട്ട്‌റിഡ്‌ജുകളാണ് സംഘർഷ മേഖലയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.

അതേസമയം, വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട താഹിർ ഹുസെെനെ ആം ആദ്‌മി പാർട്ടിയിൽ നിന്നു സസ്‌പെൻഡ് ചെയ്‌തു. താഹിർ ഹുസെെനെതിരെ നേരത്തെ കൊലക്കുറ്റം ചുമത്തിയിരുന്നു. അതിനു പിന്നാലെയാണ് ആം ആദ്‌മി ഇയാളെ സസ്‌പെൻഡ് ചെയ്‌തത്. ആം ആദ്‌മി പ്രാദേശിക നേതാവാണ് ഇയാൾ. കലാപത്തിൽ ഡൽഹി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അൻങ്കിത് ശർമ കൊല്ലപ്പെട്ടിരുന്നു. അൻകിത് ശർമയുടെ കൊലപാതകത്തിൽ താഹിർ ഹുസെെനു പങ്കുണ്ടെന്നാണ് ആരോപണം.

Read Also: ജോളി കടുത്ത വിഷാദരോഗി; ഇനിയും ആത്മഹത്യക്ക് ശ്രമിച്ചേക്കാമെന്ന് പൊലീസ്

താഹിറിന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകള്‍ ഉള്‍പ്പടെയുള്ളവ നേരത്തെ കണ്ടെടുത്തിരുന്നു. അൻങ്കിത് ശർമയുടെ മരണത്തിൽ താഹിറിനു പങ്കുണ്ടെന്ന് അൻങ്കിതിന്റെ കുടുംബാംഗങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറി വ്യാഴാഴ്ച പോലീസ് സീല്‍ ചെയ്തു. അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ താഹിറിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് കപില്‍ മിശ്രയും ആരോപിച്ചിരുന്നു.

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു. പാർട്ടി നോക്കാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനു പിന്നാലെയാണ് ആം ആദ്‌മി നേതാവിനെതിരെ കുറ്റം ചുമത്തിയത്.

ഡൽഹിയിൽ അക്രമ സംഭവങ്ങൾക്ക് അയവു വന്നതായി കേജ്‌രിവാൾ പറഞ്ഞു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനയ്‌ക്ക് അധിക മജിസ്‌ട്രേറ്റുമാരെ നിയമിക്കും. രാജ്യസുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കേജ്‌രിവാൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook