/indian-express-malayalam/media/media_files/2025/11/10/red-fort-blast-2025-11-10-23-17-50.jpg)
Delhi Red Fort Blast Updates (Express Photo by Tashi Tobgyal)
Delhi Red Fort Blast:ന്യൂഡൽഹി: ഒരു പതിവ് തിങ്കളാഴ്ചയ്ക്കപ്പുറം പ്രത്യേകതകളൊന്നുമില്ലാതെ അവസാനിക്കേണ്ട ഒരു പകലിന്റെ അവസാനമണിക്കൂറുകൾ ഡൽഹിയെ മാത്രമല്ല രാജ്യത്തെ ഒന്നാകെ ഭയപ്പെടുത്തിയിരിക്കുകയാണ്. ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനത്തിൽ ഇതുവരെ നഷ്ടമായത് ഒൻപത് ജീവനുകളാണ്. കൊല്ലപ്പെട്ടവരിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി ആളുകളാണ് ഗുരുതര പരിക്കുകളോടെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
Also Read:ഡൽഹി സ്‌ഫോടനത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തും: അമിത് ഷാ
സ്ഫോടനമുണ്ടായതിന് പിന്നാലെ റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന് ദൃക്സാക്ഷികളിൽ ഒരാൾ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചു. "വലിയൊരു ശബ്ദത്തോടെയാണ് സ്‌ഫോടനം ഉണ്ടായത്. തീഗോളത്തിനിടയിലൂടെ ശരീരഭാഗങ്ങൾ ദൂരേക്ക് തെറിച്ചുപോകുന്നത് കണ്ടു. ആരൂടെയോ കൈ തെറിച്ചുപോകുന്നതാണ് കണ്ടത്. ഭയന്ന് സ്തംഭിച്ചു പോയി. എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല."- സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷികളിൽ ഒരാൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
Also Read:ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം;എട്ട് മരണം, 12 പേർക്ക് പരിക്ക്, രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം
ഉഗ്രസ്ഫോടനം ഉണ്ടായതിന് പിന്നാലെ ആ നിമിഷം തങ്ങളെല്ലാം കൊല്ലപ്പെടുമെന്ന് തോന്നിയതായി സ്‌ഫോടനം ഉണ്ടായ സ്ഥലത്തിന് സമീപം കട നടത്തുന്ന ഒരാൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. "എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും വലിയ ശബ്ദമുള്ള സ്ഫോടനം ഞാൻ കേട്ടിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഞാൻ മൂന്ന് തവണ വീണുപോയി. എല്ലാവരും മരിച്ചുപോകുമെന്ന് തോന്നി."- കടയുടമ ഭീതികലർന്ന ശബ്ദത്തിൽ പറയുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/11/10/blast-at-redfort-new-2025-11-10-21-38-56.jpg)
സ്‌ഫോടനത്തിന്റെ ശബ്ദം രണ്ടരകിലോമീറ്റർ ദൂരെ വരെ കേട്ടെന്ന പ്രദേശവാസികൾ പറയുന്നു. പടക്കം പൊട്ടിയതാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീടാണ് ബോംബ് സ്‌ഫോടനമാണെന്ന് മനസ്സിലായതെന്നും അവർ പറയുന്നു.
Also Read:രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്‌ഫോടനം; വീഡിയോ
ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാംനമ്പർ ഗേറ്റിന് സമീപത്തായിരുന്നു തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാർ പൊട്ടിത്തെറിച്ചത്. കാറിന് സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങൾക്ക് തീപിടിച്ച് പൂർണമായും തകർന്നു. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് ഡൽഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെത്തുടർന്ന് മെട്രോസ്റ്റേഷൻ പരിസരം പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാക്കി. മേഖലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പരിശോധന നടത്താനായി ഫൊറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
ബോംബ് സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലം സന്ദർശിച്ചു. ഉന്നതതല അന്വേഷണം ഇതിനോടകം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതേസമയം, ഭീകരാക്രമണത്തിനുള്ള സ്വഭാവം സ്‌ഫോടനത്തിനുണ്ടെന്നാണ് ഡൽഹി പോലീസിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം.
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകൾ നോക്കിക്കാണുന്നത്. നിരവധി വിനോദ സഞ്ചാരികൾ വരുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കും സമീപമാണ്.
Read More:ഡൽഹി സ്‌ഫോടനം; കേരളത്തിലും അതീവ ജാഗ്രത, പരിശോധന ശക്തമാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us