ന്യൂഡൽഹി: എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍, അസമിലെ ധെമാജി, ഹിമാചല്‍‌ പ്രദേശിലെ ഭോരംഗ്, മധ്യപ്രദേശിലെ ബണ്ടാവഗഡ് എന്നിങ്ങനെ ഫലം പുറത്തുവന്ന ഏഴു സീറ്റുകളിൽ നാലിടത്തും ബിജെപി വിജയിച്ചു.

ത്രികോണമല്‍സരം നടന്ന ഡല്‍ഹി രജൗരി ഗാര്‍ഡനില്‍ പതിനാലായിരത്തോളം വോട്ടിനാണ് ബിജെപിയുടെ മജീന്ദര്‍ സിങ് ജയിച്ചത്. ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടിയാണ് ഡൽഹിയിലുണ്ടായത്. ഇവിടെ സിറ്റിങ് സീറ്റിൽ മൽസരിച്ച ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തായി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാം സ്ഥാനത്ത്. ഹിമാചല്‍‌ പ്രദേശിലെ ഭോരംഗില്‍ ബജെപി സ്ഥാനാർഥി അനില്‍ ഡിമാന്‍ 8433 വോട്ടിന്റെ ഭൂരിപക്ഷം നേടി. അസമിലെ ധെമാജിയിൽ ബിജെപിയുടെ റാനോജ് പേഗു 9,285 വോട്ടുകൾക്ക് ജയിച്ചു.

മധ്യപ്രദേശിലെ ആതറില്‍ കോണ്‍ഗ്രസ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ചതിനെതുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. കർണാടകയിലെ നഞ്ചൻകോഡ്, ഗുണ്ടൽപേട്ട് നിയമസഭാ മണ്ഡലങ്ങൾ ഭരണകക്ഷിയായ കോൺഗ്രസ് നിലനിർത്തി. നഞ്ചൻകോട്ട് കലാലെ എൻ. കേശവമൂർത്തിയും ഗുണ്ടൽപേട്ടിൽ ഗീതാ മഹാദേവ പ്രസാദുമാണ് വിജയിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ