ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിക്കുമേല്‍ നിയമപരമായ അവകാശവാദം ഉന്നയിച്ചയാള്‍ക്കെതിരെ പിഴ ചുമത്തണമെന്നു കോടതിയോട് അഭ്യര്‍ഥിച്ച് ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ). ഹര്‍ജിക്കാരന്റെ ലക്ഷ്യം പേരെടുക്കല്‍ മാത്രമാണെന്നും വാദത്തിനിടെ തങ്ങളുടെ സമയം പാഴാക്കിയതായും ചൂണ്ടിക്കാട്ടിയാണ് എ എസ് ഐയുടെ അഭ്യര്‍ഥന.
ഖുത്തബ് മിനാര്‍ സമുച്ചയത്തില്‍ സ്ഥിതിചെയ്യുന്ന ഖുവത് – ഉള്‍- ഇസ്ലാം പള്ളിയിലെ 27 ഹിന്ദു ജൈന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് അനുമതി തേടിയുള്ള ഹര്‍ജിയിലാണു കുന്‍വര്‍ മഹേന്ദര്‍ ധവാജ് പ്രസാദ് സിങ് തെക്കന്‍ ഡല്‍ഹിക്കുമേല്‍ അവകാശവാദം ഉന്നയിച്ചത്. ഹര്‍ജിയില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ദിനേശ് കുമാര്‍ 17ന് ഉത്തരവ് പുറപ്പെടുവിക്കും.
രാജകുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരനെന്ന് അവകാശപ്പെട്ടുകൊണ്ടാണ് കുന്‍വര്‍ മഹേന്ദര്‍ ധവാജ് പ്രസാദ് സിങ് തെക്കന്‍ ഡല്‍ഹിക്കു മേല്‍ അവകാശവാദം ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലെ ജാട്ട് സമുദായക്കാരായ ബെസ്വാന്‍ കുടുംബത്തിന്റെ നാഥനാണു താനെന്ന് അവകാശപ്പെട്ടാണ് കുന്‍വര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയം സ്വാന്ത്യന്ത്ര്യാനന്തരം ഒരു കോടതിക്കുമുന്നിലും കുന്‍വര്‍ ഉന്നയിച്ചിട്ടില്ലെന്നും കാലതാമസത്തിന്റെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വാദം അസാധുവാണെന്നും എ എസ് ഐയെ പ്രതിനിധീകരിച്ച് ഡോ സുബാഷ് സി ഗുപ്ത ബോധിപ്പിച്ചു. ഹര്‍ജി അടിസ്ഥാനമില്ലാത്തതും പേരെടുക്കാന്‍ ലക്ഷമിട്ടുള്ളതുമാണെന്നും കോടതിയുടെ സമയം പാഴാക്കിയതിനു പിഴ ചുമത്തണമെന്നും എ എസ് ഐ വാദിച്ചു.
എന്നാല്‍, തന്റെ സ്വത്തുക്കള്‍ ഏറ്റെടുത്തില്‍ സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജി നിലനിക്കുന്നുണ്ടെന്നു കോടതിയില്‍ ഹാജരായ കുന്‍വര്‍ ബോധിപ്പിച്ചു. ”എനിക്കിപ്പോള്‍ 78 വയസായി. 60 വര്‍ഷമായി സര്‍ക്കാരിനെതിരെ നിയമയുദ്ധത്തിലാണ്. പരമാധികാര രാജാവിന്റെ അധികാരം എനിക്കു നഷ്ടപ്പെട്ടിട്ടില്ല. എന്റെ ഭൂമിയെങ്കിലും തിരിച്ചുതരണം. ഡല്‍ഹിയില്‍ 1700 നിയമവിരുദ്ധ കോളനികളുണ്ട്. അവ എങ്ങനെ വന്നു? ഈ കയ്യേറ്റം കണ്ടിട്ടും സര്‍ക്കാര്‍ നിശബ്ദരായിരിക്കുന്നു,” അദ്ദേഹം വാദിച്ചു.
”കോടികണക്കിന് ആളുകള്‍ എന്റെ ഭൂമിയിലേക്ക് അതിക്രമിച്ചുകയറി. സിവില്‍ കോടതിയില്‍നിന്നു സാധാരണക്കാരനു സഹായം കിട്ടുകയെന്നത് അസാധ്യമാണ്. അതിനാല്‍ എന്റെ കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനും നഷ്ടപരിഹാരത്തിനുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്,” കുന്‍വര്‍ മഹേന്ദര്‍ ധവാജ് പ്രസാദ് സിങ് പറഞ്ഞു.