ന്യൂഡൽഹി: രാജീവ് ചൗക്‌ മെട്രോ സ്റ്റേഷനുളളിൽ വച്ച് രാജ്യദ്രോഹികളെ വെടിവയ്ക്കൂവെന്ന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം മുഴക്കിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. സി‌എ‌എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ കപിൽ മിശ്ര, അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നേരത്തെ ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.

ഇന്നു രാവിലെ 10.50 നാണ് സംഭവം നടന്നതെന്നു മുദ്രാവാക്യം മുഴക്കിയവരെ പൊലീസിന് കൈമാറിയതായും സ്ഥിരീകരിച്ചുകൊണ്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) പ്രസ്താവന ഇറക്കി.

ഡൽഹി മെട്രോയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ് രാജീവ് ചൗക്‌. ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണിത്.

സംഭവത്തിൽ ഉൾപ്പെട്ടവരെ തുടർനടപടികൾക്കായി ഡൽഹി മെട്രോ റെയിൽ പൊലീസിന് കൈമാറിയതായി മെട്രോ അധികൃതർ അറിയിച്ചു. ”രാജീവ് ചൗക് മെട്രോ സ്റ്റേഷനിൽ ചില യാത്രക്കാർ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ന് രാവിലെ 10:52 ഓടെയാണ് സംഭവം നടന്നത്. തുടർനടപടികൾക്കായി ഡിഎംആർസി / സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അവരെ ഡൽഹി മെട്രോ റെയിൽ പൊലീസിനു കൈമാറി,” ഡിഎംആർസി പ്രസ്താവനയിൽ പറയുന്നു.

Read Also: മോദിക്കെതിരെ എഫ്ബി പോസ്റ്റ്: വിദ്യാര്‍ഥികളുടെ പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

ഡൽഹി മെട്രോ ഒ ആൻഡ് എം ആക്ട് 2002 പ്രകാരം ഡൽഹി മെട്രോ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള പ്രകടനങ്ങൾ നിരോധിച്ചിട്ടുണ്ട്. അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്ന ഏതൊരു യാത്രക്കാരെയും മെട്രോ പരിസരത്ത് നിന്ന് നീക്കംചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook