ന്യൂഡല്‍ഹി: തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് കോടതി നിർദേശിച്ചു. അതേസമയം, ഡല്‍ഹിയിലെ എല്ലാ നിർമാണ പ്രവര്‍ത്തനങ്ങളും മാലിന്യം കത്തിക്കുന്നതും കോടതി നിരോധിച്ചു. ഇത് ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയും മാലിന്യം കത്തിക്കുന്നവർക്ക് 50000 രൂപ പിഴയും കോടതി ഉത്തരവിട്ടു.

അയല്‍സംസ്ഥാനങ്ങളിലെ ജനങ്ങളെ മരിക്കാന്‍ വിട്ടുകൊടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി പറഞ്ഞു. അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

”ആരാണ് ഉത്തരവാദികള്‍? സംസ്ഥാന സര്‍ക്കാരുകളാണ് ഉത്തരവാദികള്‍. അവര്‍ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ മരിക്കാന്‍ വിടുകയാണ്. അവര്‍ പ്രവര്‍ത്തന സജ്ജരായേ തീരൂ” കോടതി പറഞ്ഞു.

”ഡല്‍ഹി എല്ലാ വര്‍ഷവും ശ്വാസം മുട്ടുകയാണ്. അത് 15 ദിവസത്തോളം തുടരുന്നു. നമുക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. പുരോഗതി കൈവരിച്ചൊരു സമൂഹത്തില്‍ ഇത് അനുവദിക്കാനാകില്ല. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് എന്തിനാണ്?” ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

ഇത്തരം അന്തരീക്ഷത്തില്‍ നമുക്ക് ജീവിക്കാനാകുമോയെന്നു ചോദിച്ച കോടതി ഇങ്ങനെയല്ല അതജീവിക്കേണ്ടതെന്നും മുറികള്‍ക്കുള്ളില്‍ പോലും ആരും സുരക്ഷിതരല്ലെന്നും ചൂണ്ടിക്കാണിച്ചു. കേന്ദ്രവും ഡല്‍ഹിയും എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും മലിനീകരണം കുറയ്ക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും കോടതി ചോദിച്ചു.

അതേസമയം, പഞ്ചാബിലും ഹരിയാനയിലും വിളകള്‍ കത്തിക്കുന്നത് കുറയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വന്തം ഉപജീവനത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവിതം ദുരിതത്തിലാക്കരുതെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ നടപടികള്‍ സ്വീകരിക്കണെന്നും കോടതി നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook