ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനപതി രാംനാഥ് കോവിന്ദിന്റെ വസതിയിൽ സന്ദർശകരുടെ വൻ തിരക്കാണ്. സുരക്ഷ കണക്കിലെടുത്ത് നോർത്ത് അവന്യൂവിലെ ഫ്ലാറ്റിൽനിന്നും താമസം മാറിയ രാംനാഥ് കോവിന്ദ് അക്ബർ റോഡിൽ കേന്ദ്രമന്ത്രി മഹേഷ് ശർമയുടെ വസതിയിലാണ് താൽക്കാലികമായി താമസിക്കുന്നത്. ബിജെപി നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളള പാർട്ടി പ്രവർത്തകരും ആശംസകൾ അർപ്പിക്കാൻ ഇവിടേക്ക് ഒഴുകിയെത്തുകയാണ്.
ഇന്നു വൈകിട്ട് അഞ്ചു മണിയോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാംനാഥ് കോവിന്ദ് വ്യക്തമായ ഭൂരിപക്ഷം നേടി ജയം ഉറപ്പിച്ചു കഴിഞ്ഞു. ലോക്സഭാ മുൻ സ്പീക്കർ മീരാകുമാർ ആണു പ്രതിപക്ഷ സ്ഥാനാർഥി.



