ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി നടത്തുന്നതിനായി ഡൽഹി പൊലീസ് നാല് റൂട്ടുകൾ നിർദേശിച്ചു. ഖാസിപൂർ, സിംഗു, ചില, തിക്രി അതിർത്തികളിൽ നിന്നുള്ള നാല് റൂട്ടുകളാണ് ഡൽഹി പൊലീസ് നിർദേശിച്ചത്.

തിക്രി അതിർത്തിയിൽ നിന്നുള്ള ട്രാക്ടർ റാലിക്ക് പോലീസുകാർ നൽകിയ റൂട്ട് പ്ലാനിൽ തങ്ങൾക്ക് വിയോജിപ്പുള്ളതായി ഭാരതി കിസാൻ യൂണിയൻ (ഏക്ത) (ഉഗ്രഹാൻ) അറിയിച്ചു. “ഇത് സംബന്ധിച്ച് ജനുവരി 25 ന് ഞങ്ങൾ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും,” എന്ന് യൂണിയൻ ഭാരവാഹികൾ ഞായറാഴ്ച പറഞ്ഞു.

ജനുവരി 26 ന് തലസ്ഥാന നഗരത്തിൽ ട്രാക്ടർ പരേഡ് നടത്താൻ ഡൽഹി പോലീസ് കർഷകർക്ക് അനുമതി നൽകിയിരുന്നു. രാജ്‌‌പഥിലെ ഔദ്യോഗിക പരേഡ് പൂർത്തിയാക്കിയതിനുശേഷം മാത്രമേ അവ റാലി ആരംഭിക്കൂ എന്ന വ്യവസ്ഥയിലാണ് പോലീസ് കർഷകർക്ക് അനുമതി നൽകിയത്. കരാർ പ്രകാരം കർഷകർക്ക് അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കാമെങ്കിലും സമീപ പ്രദേശങ്ങളിൽ തന്നെ തുടരണം, മധ്യ ഡൽഹിയിലേക്ക് പ്രവേശനം അനുവദിക്കില്ല.

പരേഡിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ട്രാക്ടറുകൾ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. “പ്രതിഷേധ സ്ഥലങ്ങൾക്ക് സമീപമുള്ള റോഡുകളിലേക്ക് രണ്ടര-മൂന്ന് ലക്ഷം ട്രാക്ടറുകൾ എത്തിക്കും. പരേഡ് അവസാനം വരെ തികച്ചും സമാധാനപരമായിരിക്കും,” പഞ്ചാബ് ജംഹൂരി കിസാൻ സഭയുടെ ജനറൽ സെക്രട്ടറി കുൽവന്ത് സിംഗ് സന്ധു പറഞ്ഞു.

Read More: പൊലീസുമായി ചേർന്ന് സമരഭൂമിയിൽ വെടിവയ്പിന് പദ്ധതിയിട്ടു; അക്രമിയെ പിടികൂടി കർഷകർ

റാലിയ്ക്കായി കർഷകരോട് രേഖാമൂലമുള്ള അപേക്ഷ അയയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്ടുകൾ, ട്രാക്ടറുകളുടെ എണ്ണം, പരേഡിൽ പങ്കെടുക്കുന്ന കർഷകരുടെ എണ്ണം, സമയം എന്നിവ അപേക്ഷയിൽ വ്യക്തമാക്കാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. നാളെ ഞങ്ങൾ അവരുമായി റൂട്ട് ചർച്ച ചെയ്യും. “അവർ പ്രതിഷേധിക്കുന്ന അതിർത്തിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ മാത്രമേ ട്രാക്ടർ പരേഡ് ഉണ്ടാകൂ എന്ന് കർഷകർ പറഞ്ഞു. പരേഡിൽ അവർക്ക് വൈദ്യസഹായവും സുരക്ഷയും ഉറപ്പ് നൽകിയിട്ടുണ്ട്,” പോലീസ് വൃത്തങ്ങൾ പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് ഡൽഹി പോലീസ് നഗരത്തിലും പരിസരത്തും അഞ്ച് പഞ്ച തല സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിങ്കു, തിക്രി, ഖാസിപൂർ അതിർത്തികളിൽ 40,000 ത്തോളം പോലീസ്, ഐടിബിപി, സിആർ‌പി‌എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പോലീസ് പറഞ്ഞു.

Read More: കർഷകരുടെ ട്രാക്ടർ പരേഡിന് ഡൽഹി പൊലീസ് അനുമതി നൽകി

കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം നവംബർ 28 മുതൽ കർഷകർ സിംഗു, തിക്രി, ഗാസിപൂർ എന്നിവയുൾപ്പെടെയുള്ള ഡൽഹി അതിർത്തികളിൽ പ്രതിഷേധം തുടരുകയാണ്.

കർഷക സമരത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 90 ഓളം വാഹനങ്ങളിലായി 1,200 ഓളം കർഷകർ മുംബൈയിലേക്ക് സംസ്ഥാനവ്യാപകമായി വാഹന മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു.

ജനുവരി 23 മുതൽ 26 വരെ സമരം ശക്തമാക്കാനും വിപുലീകരിക്കാനും ഡൽഹിയിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നൽകിയ ആഹ്വാനത്തിന്റെ ഭാഗമായാണ് റാലി.

വാഹന റാലിയിൽ പങ്കെടുക്കുന്ന കർഷകർ ജനുവരി 25 ന് രാജ്ഭവനിലേക്ക് വിപുലമായ റാലി നടത്തുകയും ഗവർണർക്ക് മെമ്മോ സമർപ്പിക്കുകയും ചെയ്യും. ജനുവരി 26 ന് ആസാദ് മൈതാനത്ത് റിപ്പബ്ലിക് ദിന പതാക ഉയർത്തും.

“മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനും രാജ്യത്തൊട്ടാകെയുള്ള പ്രതിഫലദായകമായ എം‌എസ്‌പിയും സംഭരണവും ഉറപ്പുനൽകുന്നതിനായി കേന്ദ്ര നിയമത്തിനായി ദില്ലിയിലെ ചരിത്രപരമായ രണ്ട് മാസത്തെ കർഷകരുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനും വിപുലീകരിക്കുന്നതിനുമായാണ് ഈ മാർച്ച് നടക്കുന്നത്, ”എഐകെഎസ് ദേശീയ പ്രസിഡന്റ് ഡോ. അശോക് ധവാലെ പറഞ്ഞു.

ജനുവരി 25 ന് നടക്കുന്ന റാലിയിൽ കർഷക സംഘടനകളും ഭരണകക്ഷിയായ മഹാ വികാസ് ആഗാദിയിലെ മൂന്ന് പാർട്ടികളുടെയും നേതാക്കൾ പങ്കെടുക്കും. എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാർ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന റവന്യൂ മന്ത്രിയുമായ ബാലസഹേബ് തോറാത്ത്, ശിവസേന നേതാവും സംസ്ഥാന പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെ, ഇടതുപക്ഷ, ജനാധിപത്യ പാർട്ടികളുടെ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook