ന്യൂഡൽഹി: സുനന്ദ പുഷ്കർ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ രണ്ട് മാസം കൂടി സമയം ആവശ്യപ്പെട്ട് ഡൽഹി പൊലീസ്. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പിടിഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ രീതിയിലുള്ള ഫോറൻസിക് സൈക്കോളജി അന്വേഷണമാണ് പൊലീസ് ഈ കേസിൽ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിധത്തിലുള്ള അന്വേഷണം പരമാവധി എട്ട് ആഴ്ചത്തെ സമയമെടുക്കുമെന്നും അതിന് ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

വികസിത രാജ്യങ്ങളിൽ അന്വേഷണ സംഘങ്ങൾ ആശ്രയിക്കുന്ന പുതിയ രീതിയാണ് ഫോറൻസിക് സൈക്കോളജി. 2014 ൽ ആരംഭിച്ച കേസന്വേഷണം 2017 സെപ്റ്റംബറിലും പൂർത്തിയാകാത്തതിന് പിന്നിൽ എന്താണ് കാരണം എന്ന് കോടതി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ചോദിച്ചു. രണ്ടാഴ്ചക്കുള്ളിൽ കേസന്വേഷണം അവസാനിപ്പിക്കാൻ ആവശ്യമായ സമയം സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

സൗത്ത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 2014 ജനവരി 17 നാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഹോട്ടൽ മുറി അന്വേഷണത്തിന്റെ ആവശ്യത്തിനായി അന്ന് മുതൽ സീൽ ചെയ്യപ്പെട്ടിരിക്കുകയാണ്.

2015 ജനുവരി ഒന്നിന് ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം) വകുപ്പ് പ്രകാരം അജ്ഞാതർക്കെതിരെയാണ് ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook