ന്യൂഡല്‍ഹി: ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തിയെന്ന് പൊലീസ്. ഇരുവരുടേയും ഫോട്ടോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. തലസ്ഥാനത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഇവരെ എവിടെ കണ്ടാലും അറിയിക്കണമെന്നും ആവശ്യപ്പെട്ട് പഹാട് ഗഞ്ച് പൊലീസ് ഉത്തരവിറക്കി.
ഡല്‍ഹി 360 കിലോമീറ്റര്‍, ഫിറോസ്പുര്‍ ഒന്‍പത് കിലോമീറ്റര്‍ എന്ന് അടയാളപ്പെടുത്തിയ ഒരു മൈല്‍ക്കുറ്റിക്കുമേല്‍ ചാരി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശമാണ് ഫിറോസ്പൂര്‍. കഴിഞ്ഞയാഴ്ച പഞ്ചാബ് പൊലീസ് ആറോ ഏഴോ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പഞ്ചാബില്‍നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളെല്ലാം കര്‍ശന പരിശോധനയ്ക്ക് ശേഷമായിരുന്നു കടത്തിവിട്ടിരുന്നത്.
ഇതിന് തൊട്ടു പിന്നാലെയാണ് ഡല്‍ഹി പൊലീസ് ഫോട്ടോ ഉള്‍പ്പെട്ട മറ്റൊരു പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.