ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരായി ജെഎൻയുവിൽ നടന്ന പ്രതിഷേധ സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് വിദ്യാർഥികൾക്കെതിരേ കേസ്. പ്രതിഷേധത്തിനിടെ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ തകർക്കുകയും വൈസ് ചാൻസലുറുടെ ഓഫീസ് അലങ്കോലമാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

സ്വാമി വിവേകാനന്ദന്റെ പ്രതിമ നശിപ്പിച്ചതിന് അജ്ഞാതരായ അക്രമികൾക്കെതിരെ ശനിയാഴ്ച സ്വാമി വിവേകാനന്ദ പ്രതിമ സമിതി ചെയർപേഴ്‌സൺ ബുദ്ധ സിങ് പരാതി നൽകി. ജെഎൻയു അധികൃതർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ പ്രതിമ അലങ്കോലപ്പെടുത്തിയെന്നാണ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരേ കേസെടുത്തതായും പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകും. അതേസമയം സമരം തകർക്കാനുള്ള അധികൃതരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പരാതിയെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യത്തിന്മേൽ ജെഎൻയുവിലെ വിദ്യാർത്ഥികൾ 22 ദിവസമായി സമരം നടത്തുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച വിദ്യാർത്ഥികൾ സമീപത്തുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് സമീപം ചായം വരച്ച് പ്രതിഷേധിച്ചിരുന്നു.

ഹോസ്റ്റല്‍ ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പൂര്‍ണമായി വഴങ്ങിയിട്ടില്ല. വര്‍ധിപ്പിച്ച ഫീസുകള്‍ മുഴുവന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook