ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ ലൈംഗിക പീഡന ഇരകളുടെ വിവരങ്ങൾ പറഞ്ഞതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
”കശ്മീരിൽ നടത്തിയ പ്രസംഗത്തിൽ ബലാത്സംഗത്തിനിരയായ അജ്ഞാതരായ ഏതാനും സ്ത്രീകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു. ഈ സ്ത്രീകളുടെ വിവരങ്ങൾ തേടി ഞങ്ങൾ അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യും,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഓഫിസർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ട നിരവധി സ്ത്രീകൾ തങ്ങൾ പീഡനത്തിന് ഇരയായെന്ന് പറഞ്ഞതായി ജനുവരി 30 ന് ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാണ് എത്തിയത്. എങ്കിൽ മാത്രമേ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കഴിയൂവെന്ന് സ്പെഷ്യൽ സിപി സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി.
”ഞാൻ നടക്കവേ, ഒരുപാട് സ്ത്രീകൾ കരയുന്നത് കണ്ടു. അവരിൽ പലരും പീഡനത്തിന് ഇരയായതായും ലൈംഗിക ചൂഷണത്തിന് ഇരയായതായും എന്നോട് പറഞ്ഞു. തങ്ങളുടെ ബന്ധുക്കളിൽനിന്നാണ് ചൂഷണം നേരിട്ടതെന്ന് ചിലർ പറഞ്ഞു. ഇക്കാര്യം പൊലീസിനോട് പറയട്ടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ വേണ്ടെന്നു പറഞ്ഞു. ഞാൻ ഇക്കാര്യം അറിയണമെന്നും എന്നാൽ പൊലീസിനോട് പറയരുതെന്നും അവർ ആവശ്യപ്പെട്ടു. അങ്ങനെ വന്നാൽ അവർക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാകും. ഇതാണ് നമ്മുടെ രാജ്യത്തെ യഥാർത്ഥ അവസ്ഥ,” ഇതായിരുന്നു ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞത്.