ന്യുഡല്‍ഹി: ലൈംഗിക അതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. ലൈംഗികാതിക്രമം ആരോപിച്ച് യുപിയിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴ് വനിതാ ഗുസ്തിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണിത്.
2012 മുതല്‍ 2022 വരെയുള്ള 10 വര്‍ഷത്തിനിടെ ബ്രിജ് ഭൂഷനെതിരെ ലൈംഗികാതിക്രമവും ക്രിമിനല്‍ ഭീഷണിയും ആരോപിച്ച് ഏഴ് വനിതാ ഗുസ്തിക്കാര്‍ ഏപ്രില്‍ 21ന് പൊലീസില്‍ വെവ്വേറെ പരാതി നല്‍കിയിരുന്നു. വനിതാ താരങ്ങളുടെ ആരോപണങ്ങള്‍ ഗൗരമേറിയതാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്.
ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണങ്ങള്‍ പരിശോധിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം സമിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും എംപിക്കെതിരെ നടപടിയെടുക്കാത്തത് ഗുസ്തി താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം നടന്നിട്ടും ഡബ്ല്യുഎഫ്ഐ പ്രവര്‍ത്തനം പുനരാരംഭിച്ചതില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു, ബ്രിജ് ഭൂഷണ്‍ ഇപ്പോഴും ആരോപണങ്ങളെ പ്രതിരോധിക്കുകയാണ്. വിവാദത്തിന് ശേഷമുള്ള ആദ്യത്തെ ദേശീയ ടൂര്‍ണമെന്റ് ഗോണ്ടയില്‍ നടന്നതാണ് ഇതിന് തെളിവാണെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.
ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ഞായറാഴ്ച മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ സത്യഗ്രഹം നടത്തുകയാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്യുന്നതായുമാണ് ഗുസ്തി താരങ്ങളുടെ ആരോപണം.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനു പിന്തുണ നല്‍കാത്തതിന് ക്രിക്കറ്റ് താരങ്ങളെയും മറ്റ് കായിക താരങ്ങളെയും വിമര്‍ശിച്ച് ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് രംഗത്ത് വന്നിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ നില്‍ക്കാന്‍ അവര്‍ക്ക് ധൈര്യമില്ലെന്ന് കാണുന്നതില്‍ തനിക്ക് വേദനയുണ്ടെന്ന് അവര്‍ പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധ സമരത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് വിനേഷും ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി സിങ്ങും ബജ്രംഗ് പൂനിയയും.