ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനെതിരായി സമൂഹ മാധ്യമങ്ങളില്‍ നടന്ന ആക്രമണത്തില്‍ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ കേസ് ഫയല്‍ ചെയ്തു. തനിക്കെതിരെ ഭീഷണി മുഴക്കുന്ന ഫോണ്‍കോളുകളും അശ്ലീല ചിത്രങ്ങളും ലഭിക്കുന്നുവെന്ന് ബര്‍ഖ ദത്ത് നല്‍കിയ പരാതിയിലാണ് നടപടി. ഇതുവരെ കേസില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

സംഭവത്തില്‍ അന്വേഷണം വേഗം ആരംഭിക്കാന്‍ ഫെബ്രുവരി 19ന് ദേശീയ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുല്‍വാമ ഭീകരാക്രണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നേരിടുന്ന കശ്മീരികളെ സഹായിക്കാന്‍ ബര്‍ഖ ദത്ത് സന്നദ്ധത പ്രകടിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

ചില ആളുകള്‍ തന്റെ ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തെന്നും ഇതിനു പുറകെ തനിക്ക് ഭീഷണി സന്ദേശങ്ങളും ബലാത്സംഗ ഭീഷണികളും ലഭിച്ചുവെന്നും ചിലര്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നും ബര്‍ഖ ദത്ത് പറഞ്ഞിരുന്നു.

ഇതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളും ഇതയച്ചവരുടെ ഫോണ്‍ നമ്പരുകളും ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പുറകെ ട്വിറ്റര്‍ ബര്‍ഖ ദത്തിന്റെ അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്തു. ബ്ലോക്ക് പിന്‍വലിച്ചതിനു ശേഷം, ഇതിനെതിരെയുള്ള പരാതിയും ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരുന്നു.

ലൈംഗിക ചൂഷണത്തേയും അതിക്രമത്തേയും ഹീനമായി പ്രോത്സാഹിപ്പിക്കുകയാണ് ട്വിറ്ററെന്നും ലിംഗ അസമത്വത്തിന്റെ തെളിവാണ് ഇതെന്നും ബര്‍ഖ ദത്ത് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ അനുമതി കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്നതാണ് തങ്ങളുടെ നിയമമെന്ന് ട്വിറ്റര്‍ പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ