ന്യൂഡല്‍ഹി: ന്യൂസ് പോര്‍ട്ടലായ ദി വയറിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. ബി ജെ പി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരാതിയിലാണ് ഈ നീക്കം. മെറ്റാ സ്റ്റോറികളുമായി ബന്ധപ്പെട്ടാണ് ദി വയറിനും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അമിത് മാളവ്യ ഇന്നു പരാതി നല്‍കിയത്.
വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ദി വയറിനും അതിന്റെ എഡിറ്റര്‍മാര്‍ക്കും എതിരെ പരാതി നല്കാന് പോകുകയാണെന്നും അപകീര്‍ത്തിപ്പെടുത്തിയതിനു ഉചിതമായ സിവില്‍ നടപടിയെടുക്കുമെന്നും അമിത് മാളവ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു. തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് അമിത് മാളവ്യ സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയിലെ എഴുന്നൂറിലധികം പോസ്റ്റുകള്‍ നീക്കം ചെയ്തുവെന്ന ദി വയറിലെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
റിപ്പോര്‍ട്ട് വ്യാജ രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നു മെറ്റ പറഞ്ഞിട്ടും ദി വയര്‍ തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നും തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിട്ടും പിന്വലിക്കലിക്കലിലും ക്ഷമാപണത്തിലും തന്നെ പരാമര്‍ശിച്ചില്ലെന്നും മാളവ്യ പറഞ്ഞിരുന്നു.
”ദി വയറും ചില അജ്ഞാതരും എന്റെ പ്രശസ്തിയെ അപകീര്‍ത്തിപ്പെടുത്താനും കളങ്കപ്പെടുത്താനുമുള്ള ഒരു ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നും മനഃപൂര്‍വം ഒരു വാര്‍ത്തയില്‍ എന്റെ പേര് തിരുകിക്കയറ്റി എന്നെ കുടുക്കാനായി തെളിവുകള്‍ കെട്ടിച്ചമച്ചുവെന്നും വ്യക്തമാണ്. ദി വയറിനും അതിന്റെ മാനേജ്മെന്റിനും റിപ്പോര്‍ട്ടര്‍മാര്‍ക്കുമെതിരെ ഉചിതമായ നിയമപരമായ പരിഹാരങ്ങള്‍ തേടുകയെന്നതല്ലാതെ മറ്റൊരു സാധ്യതയും എന്റെ മുന്നിലില്ല,” അമിത് മാളവ്യ വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ഈ മാസം പ്രസിദ്ധീകരിച്ച തുടര്‍ച്ചയായ വാര്‍ത്തകളില്‍, മെറ്റ അതിന്റെ എക്സ് ചെക്ക് പ്രോഗ്രാമിലൂടെ മാളവ്യയ്ക്കു ചില പ്രത്യേക പ്രത്യേകാവകാശങ്ങള്‍ നല്‍കിയതായി ദ വയര്‍ അവകാശപ്പെട്ടു. സര്‍ക്കാരിനെയോ ബി ജെ പിയെയോ വിമര്‍ശിക്കുന്നതായി കരുതുന്ന മെറ്റയിലെ ഏത് ഉള്ളടക്കവും അദ്ദേഹത്തിന് നീക്കം ചെയ്യാമെന്നും ഇന്‍സ്റ്റഗ്രാം നിയമങ്ങള്‍ ബാധകമാകാതെ എന്തും പോസ്റ്റ് ചെയ്യാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
മെറ്റയുടെ ഭാഗമായ ആരോപണവിധേയനായ ഒരാളില്ിന്നു ലഭിച്ച രേഖയെ അടിസ്ഥാനമാക്കിയാണു തങ്ങളുടെ റിപ്പോര്‍ട്ടുകളെന്നും ദി വയര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച മെറ്റ ഈ രേഖ വ്യാജമാണെന്നു പറഞ്ഞിരുന്നു.