ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അക്രമ സംഭവങ്ങളിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ ഡൽഹി പൊലീസ് ക്രെെം ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്തു. ജെഎൻയു ക്യാംപസിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. അഞ്ച് ഉദ്യോഗസ്ഥരാണ് ഇന്ന് ജെഎൻയുവിലെത്തിയത്. രണ്ട് തവണയായാണ് ചോദ്യം ചെയ്യൽ നടന്നത്. ഐഷി ഘോഷിനു പുറമേ സർവകലാശാലയിലെ വിദ്യാർഥികളായ പങ്കജ് മിശ്ര, വസ്കർ വിജയ് എന്നിവരെയും ക്രെെം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തു.
ഐഷി ഘോഷടക്കമുള്ള ഇടത് നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് ഐഷി ഘോഷ് ചോദ്യം ചെയ്യലിനു ശേഷം പ്രതികരിച്ചു. ജെഎൻയുവിലെ പ്രശ്നങ്ങൾക്ക് കാരണക്കാരായ ഒൻപത് വിദ്യാർഥികളുടെ പേരുകൾ ഡൽഹി പൊലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. അതിൽ ഐഷിയുടെ പേരും ഉണ്ട്.
Read Also: ഏതെങ്കിലും യൂണിവേഴ്സിറ്റിയിലേക്കു പേകൂ; മോദിയെ വെല്ലുവിളിച്ച് രാഹുൽ
ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഐഷി നേരത്തെ ഉന്നയിച്ചത്. ഡൽഹി പൊലീസിനെ തനിക്ക് ഭയമില്ലെന്ന് ഐഷി പറഞ്ഞിരുന്നു. “ഡൽഹി പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാം. എനിക്കും തെളിവുകളുണ്ട് ഹാജരാക്കാൻ. ഞാൻ എങ്ങനെ ആക്രമിക്കപ്പെട്ടു എന്നതിന് എന്റെ കയ്യിൽ തെളിവുണ്ട്. എനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊതുമധ്യത്തിൽ അത് ഹാജരാക്കണം” ഡൽഹി പൊലീസിനെ വെല്ലുവിളിച്ച് ഐഷി പറഞ്ഞു.
അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷയുള്ളതായി ഐഷി പറഞ്ഞു. “രാജ്യത്തെ നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കും. പക്ഷേ, എന്തുകൊണ്ടാണ് ഡൽഹി പൊലീസ് മറ്റുള്ളവർക്ക് വിധേയപ്പെടുന്നത്? ഞാൻ നൽകിയ പരാതിയിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.” ഐഷി പറഞ്ഞു.